Sunday, 8 December 2013

സക്തിയും ഭക്തിയും

സക്തി കൂടാതെ നാമങ്ങളെപ്പൊഴുംഭക്തി പൂണ്ടു ജപിക്കണം നമ്മുടെസിദ്ധികാലം കഴിവോളമീവണ്ണംശ്രദ്ധയോടെ വസിക്കേണമേവരും.

ജ്ഞാനപ്പാനയിലേ വരികളാണിവ. സക്തി എന്നു വെച്ചാല് ആസക്തി. വിഷയാസക്തി. ലൌകികസുഖഭോഗങ്ങളിലുള്ള തൃഷ്ണ. അത് പാടില്ല എന്നാണ് നമ്മുടെ പൂര്വികര് പഠിപ്പിച്ച പാഠം.

എന്നാലിന്ന് പഠിപ്പിക്കുന്നത് എങ്ങനെ ആസക്തി വര്ധിപ്പിക്കാം എന്നല്ലേ. ഭക്തി എന്നു പറയുന്ന ഭാവം ഏറ്റവുമധികം പോസിറ്റീവ് എനര്ജി പ്രദാനം ചെയ്യുന്നതാണ്. ഈശ്വരനോടുള്ള സ്നേഹമാണല്ലൊ അത്. 

ശുദ്ധമായ ഭക്തി സമൂഹത്തില് ഒരു കുറഞ്ഞ അളവിലെ പ്രസരിക്കുന്നതായി കാണുന്നുള്ളൂ. അസുരന്മാരുടെ ഭക്തി വിദ്വേഷം കലര്ന്നതാണ്. രാഗദ്വേഷങ്ങള് കലര്ന്നതാണ്. അതിന് കൂടുതല് പ്രചാരവും സിദ്ധിക്കുന്നു. 

പക്ഷെ അത് നശ്വരമാണ്. രാവണനെഴുതിയ ഗംഭീരമായ ശിവകീര്ത്തനങ്ങളില് ഭക്തിയുടെ തീവ്രഭാവം കാണാം. പക്ഷെ അവയെ മാറ്റിവെച്ച് ശങ്കരാചാര്യവിരചിതമായ കീര്ത്തനങ്ങള് ലോകം പിന്തുടരുന്നു. ആ അസുരന്റെ കാലം കഴിഞ്ഞതോടെ അദ്ദേഹത്തിന്റെ കൃതികളും നിര്ജീവമായി. 

Saturday, 31 August 2013

അറിവിന്റെ ക്ഷേത്രം

കലുഷവും അവിശുദ്ധവുമായ രാഷ്ട്രീയ സാമൂഹിക സാഹചര്യങ്ങളൊഴിവാക്കി നല്ല മനസ്സോടെ - ആന്തരികവിശുദ്ധിയോടെ- ദൈവവിചാരം ചെയ്യുക എന്ന മഹത്തായ ലക്ഷ്യത്തില് നിന്ന് ഉത്ഭവിച്ചതാണ് ഈ ബ്ലോഗ്.

ദൈവവിചാരം ചെയ്യുന്നതിന് ബ്ലോഗ് വേണോ എന്ന ചോദ്യം വരാം. വ്യക്തിതലത്തിലുള്ള അനുഷ്ഠാനമാവുമ്പോള് അതിന് കൂട്ടുകെട്ടുകള് വേണ്ട. ഏകാന്തതയിലാവും മനസ്സ് ഏകാഗ്രമാവുക. എന്നാല് വ്യക്തിതലത്തില് എന്നതുപോലെ സമൂഹതലത്തിലും ഈശ്വരവിചാരത്തിന് പ്രാധാന്യം ഉണ്ട്. അവിടെയാണ് മാധ്യമങ്ങളുടെ പ്രസക്തിയും ആവശ്യകതയും. ഇന്റര്നെറ്റിനോളം സുതാര്യമായ മറ്റൊരു ആശയവിനിമയമാധ്യമം ഉണ്ടോ? അപ്പൊ അത് ഉപയോഗിക്കുകയല്ലേ വേണ്ടത്. പരമാവധി..

സമാനചിന്താഗതിക്കാരായ ഏതാനും ആളുകളെ കണ്ടെത്തുന്നതിനും തമ്മില് ബന്ധപ്പെടുന്നതിനും അച്ചടിമാധ്യമങ്ങളിലൂടെ ഇത്രതന്നെ സാധിക്കുന്നുണ്ടോ എന്ന് സംശയം.പത്രങ്ങളില് അച്ചടിച്ചുവരുന്നവ കണ്ണടച്ച് വിശ്വസിക്കുന്ന പ്രവണത ഇന്ന് ഒട്ടു കുറഞ്ഞിട്ടില്ലേ എന്നു സംശയിക്കാം.

എന്തായാലും കൂട്ടായ ഈശ്വരവിചാരത്തിനു വേണ്ടി ബ്ലോഗിന്റെ മാര്ഗ്ഗം അത്ര വിജയപ്രദമാവുന്നില്ല എന്നാണ് ഇതുവരെ എനിക്കുണ്ടായ അനുഭവം. ഈ ദിശയില് വേണ്ടത്ര പ്രവര്ത്തനവും അര്പ്പിതമായിട്ടില്ല എന്നതും പ്രധാനവസ്തുതയാണ്.

പറയുന്നതിന് തക്ക പ്രതികരണം കാണാതെ വരുമ്പോള് പ്രവൃത്തി അസ്ഥാനത്താകുന്നുവോ എന്ന വിചാരം ഉണ്ടാകുന്നു. മറ്റൊരു കാരണം കാലുഷ്യം ആണ്. ശുദ്ധമായ ഈശ്വരവിചാരത്തിന് ഇപ്പോള് ക്ഷേത്രങ്ങളില് പോലും അനുയോജ്യമായ അന്തരീക്ഷം ഇല്ലെന്നായിരിക്കുന്നു.

മേല്പത്തൂര് ഭട്ടതിരിപ്പാട് ഗുരുവായൂര് ക്ഷേത്രത്തിലിരുന്ന് നാരായണീയം എഴുതി. ഇന്ന് ആര്ക്കെങ്കിലും തിക്കിനും തിരക്കിനുമിടയിലിരുന്ന് കവിത എഴുതാനാവില്ല. വരുമാനവര്ദ്ധനവ് ക്ഷേത്രത്തിന്റെ ചൈതന്യവര്ദ്ധനവ് അല്ല. എങ്ങനെയും വരുമാനം ഉണ്ടാക്കുന്നതിനായി അടിസ്ഥാനതത്ത്വങ്ങളില് നിന്ന് വ്യതിചലിച്ചുള്ള ക്ഷേത്രങ്ങളുടെ പ്രവര്ത്തനരീതി സമൂഹത്തിന് ഗുണത്തേക്കാളേറെ ദോഷം ചെയ്യും എന്ന് പറയാതെ തരമില്ല. ഈ വിഷയത്തില് ശക്തമായ ലേഖനങ്ങള് ശാന്തിവിചാരം ബ്ലോഗുകളില് പ്രതീക്ഷിക്കാവുന്നതാണ്.

TOL (Temple Of Letters) എന്ന ക്ഷേത്രശില്പത്തിന്റെ നിര്മാണപ്രവര്ത്തനങ്ങള് പുരോഗമിക്കുന്നു. പേപ്പറിലാണ് നിര്മിക്കുന്നത്. അറിവിന്റെ ക്ഷേത്രം എന്നാണ് ഇതിന്റെ സങ്കല്പം. ആ ആശയം മുമ്പ് പലതവണ ബ്ലോഗ് ചെയ്തിട്ടുള്ളതാണെങ്കിലും, പൂര്ണമായ ക്ഷേത്രശില്പത്തിന്റെ നിര്മാണം പൂര്ത്തിയാവാത്തതിനാല്  അതേ വേണ്ടതുപോലെ ഡിമോ ചെയ്യാന് സാധിച്ചിട്ടില്ല. അസാധാരണമായ ഈ സംരംഭത്തിന്റെ മൂന്നാമത്തെ ഡിമോണ്സ്ട്രേഷന് ഷൊര്ണൂരില് ഒരു ഫേസ്ബുക്ക് ഗ്രൂപ്പ് കൂട്ടായ്മയുടെ സമ്മേളനത്തില് ഉണ്ടാകും. കവിയൂരിലും പനച്ചിക്കാട്ട് സരസ്വതീക്ഷേത്രസന്നിധിയിലുമാണ് ഒന്നും രണ്ടും ഡിമോകള് നടന്നത്.  (y)

Tuesday, 16 July 2013

നാമജപം

കാലിയായ പാത്രത്തിലേയ്ക്ക് മാത്രമേ എന്തെങ്കിലും വസ്തു നിറയ്ക്കാനാവൂ.
മനസ്സ് കാലി ആയിരുന്നാലേ അവിടെ ആദേശം ചെയ്ത് ദൈവികശക്തി നിറയൂ.

അതിനായി ഇതരചിന്തകളെ ആദ്യം പുറംതള്ളേണ്ടതുണ്ട്.
അത് എളുപ്പമല്ല. മനസ്സില് നാനാവിധചിന്തകള് കുമിഞ്ഞുകൂടിക്കൊണ്ടേ ഇരിക്കും.
അവ വ്യക്തികളുടെ മോഹങ്ങളെ ആശ്രയിച്ചിരിക്കും.
നിര്മോഹി ആയാലേ മനസ്സ് ശുദ്ധവും ശൂന്യവും ആകൂ.

അങ്ങനെയുള്ള മാനസികാവസ്ഥ ഉണ്ടായാലെ അവിടെ ദൈവികശക്തി സംജാതമാവൂ.
അതിനുള്ള ഒരു ഉത്തമസാങ്കേതകമാര്ഗ്ഗമാണ് നാമജപം. 

Monday, 1 July 2013

സത്യസ്യ കിം മാനവസാക്ഷ്യപത്രം?

ശ്രീമദ് ഭാഗവതമാകുന്ന നിധികുംഭവുമായി ശ്രീശുകബ്രഹ്മര്ഷി ദേവസഭയില് സന്നിഹിതനായപ്പോള് ദേവന്മാര് അദ്ദേഹത്തെ സ്വീകരിക്കുന്നതിനായി അമൃതകുഭംവുമായിച്ചെന്നു.  പാലാഴി കടഞ്ഞെടുത്തതും അസുരന്മാരില് നിന്ന് മഹാവിഷ്ണു മോഹിനീവേഷം കെട്ടി വീണ്ടെടുത്തതുമാണല്ലൊ അമൃത്. അതു കഴിച്ചാല് പിന്നെ ജരാമരണാദികളില്ല.നിത്യയൌവനം പ്രസരിപ്പ്.. അങ്ങനെയുള്ള ആ അമൃതം നിറച്ച പൂര്ണകുംഭം നല്കി ശുകമഹര്ഷിയെ സ്വീകരിക്കാനെത്തി.

ഹേ മഹര്ഷേ ഞങ്ങളുടെ കയ്യിലുള്ള സാക്ഷാല് അമൃതകുംഭം അവിടുന്ന് സ്വീകരിച്ചാലും പകരം അങ്ങയുടെ കയ്യിലുള്ള ഭാഗവതമാകുന്ന അമൃതം ഞങ്ങള്ക്ക് നല്കിയാലും.... 

ഉടനെ ശുകമഹര്ഷി ദേവന്മാരെ പരിഹസിച്ചു വിട്ടു എന്നാണ്. ആ വേല മനസ്സിലിരിക്കട്ടെ. അഭക്തന്മാരായവര്ക്കുള്ളതല്ല ഭാഗവതം എന്ന്. അതായത് ദേവന്മാര് അഭക്തരാണെന്നു സാരം. എന്താവും കാരണം. അവര് അമൃതവും സുരയും ഒക്കെ പാനം ചെയ്ത് അപ്സരസ്ത്രീകളുമായി രാസലീലകളില് മുഴുകി അഭിരമിച്ച് മദോന്മത്തരായി ഈശ്വരഭക്തിയില്ലാതെ കഴിയുന്നവരാണ്... (?) അതുകൊണ്ടാവണം ദേവന്മാര്ക്ക്  മുനിയുടെ മുന്നില്  പരിഹാസ്യരാവേണ്ടിവന്നത്. 

ഇതില് നിന്നും മനസ്സിലാക്കേണ്ട കാര്യം.മുനികളുടെ സ്ഥാനം ദേവന്മാരുടേതിലും എത്രയോ ഉന്നതം ആണ് എന്നാണ്. അറിവുള്ള ബ്രാഹ്മണരുടെ/ആചാര്യന്മാരുടെ സ്ഥാനവും അപ്രകാരം തന്നെ. എന്നാലിന്നത്തെ ഹിന്ദുക്കള് ഇതംഗീകരിക്കുമോ..ശാസ്ത്രത്തിന് ആവശ്യമുണ്ടോ കുരുത്തെകെട്ടവരുടെ  അംഗീകാരം? സത്യസ്യ കിം മാനവസാക്ഷ്യപത്രം?

ഇന്നത്തെ ഹിന്ദുക്കള്ക്ക് ശാന്തിക്കാരും തന്ത്രിമാരും ഒന്നുമല്ല. സന്ന്യാസിമാരും ജനങ്ങളുടെ അടിയില് കിടക്കേണ്ടവര് തന്നെ.  രാഷ്ട്രീയക്കാരല്ലേ വലുത്..ആധുനികഹിന്ദുദര്ശനം അനുസരിച്ച് അപ്പോള് കേരളത്തിലേറ്റവും വലിയ ആള്  ഉമ്മന് ചാണ്ടിയും, കുഞ്ഞാലിക്കുട്ടിയുമൊക്കെ ആവുന്നു. കേന്ദ്രത്തില് മന് മോഹന സിങും സോണിയാ ഗാന്ധിയും.. വീക്ഷണം പോലെ ദര്ശനം. ചിന്താഗതി പോലെ അനുഭവം. മനംപോലെ മംഗല്യം.

മതത്തിന്റെ പേരില് പ്രചലിതമായിട്ടുള്ള അധികാരലാക്കും ധനമോഹവും വെച്ചുള്ള ഇത്തരം ദര്ശനങ്ങള്  മതപരമല്ല. മതാഭാസമെന്നു വേര്തിരിച്ചറിയേണ്ടിയിരിക്കുന്നു...

Monday, 24 June 2013

ഭക്തരോട്

ശ്രീമദ്‌ ഭാഗവതാഖ്യോയം  പ്രത്യക്ഷ: കൃഷ്ണ: ഏവ ഹി ..
ഭാഗവത ഗ്രന്ഥം സാക്ഷാൽ ശ്രീകൃഷ്ണന്റെ തന്നെ  പ്രത്യക്ഷരൂപം ആണ്.
അതിലെ ഓരോ സ്കന്ധവും ഓരോ അവയവം ആണ്. ഒന്നും രണ്ടും അദ്ധ്യായങ്ങൾ തൃപ്പാദങ്ങൾ.. പഞ്ചമം നാഭി... ദശമം മുഖം.. അങ്ങനെ ഒക്കെയാണ് സങ്കൽപം.

എനിക്ക് ഭാഗവതം പഠിക്കാൻ ഉള്ള ഉപദേശം ഗുരുവിൽ നിന്നും ലഭിച്ചിട്ട് ഒരു വ്യാഴവട്ടം കഴിഞ്ഞു. എന്നാൽ എന്റെ പഠനം. ഇനിയും ഒന്നും ആയിട്ടില്ല തെറ്റ് കൂടാതെ വായിക്കാൻ പോലും വളരെ പരിശ്രമം കൂടിയേ തീരൂ...

സപ്താഹ വായനക്കാരുടെ കൂടെ കൂടാൻ താല്പര്യം ഉണ്ട്. വേഗവായനക്കാരെ ആണല്ലോ അവര്ക്ക് ആവശ്യം  വേഗവായന ഇപ്പോൾ പരിശീലിച്ചു വരുന്നു...

അർത്ഥവിചാരവും അന്യവിചാരവും പരിശ്രമത്തെ മന്ദീഭവിപ്പിക്കുന്നു. അർത്ഥവിചാരം നല്ലത് തന്നെ. എന്നാൽ അന്യ വിഷയങ്ങൾ സമയം അപഹരിക്കുന്നത് അധികവും മനസ്സിന്റെ  ദുർവാസനകൾ കൊണ്ടാണ്. അവയെ അതിജീവിക്കാൻ പലപ്പോഴും കഴിയാതെ വരുന്നു. സുഖം നല്കുന്ന ചിന്തകളെ മനസ്സ് താലോലിക്കുന്നു. അവയിൽ കഴമ്പ് ഉണ്ടോ എന്നൊന്നും നോട്ടമില്ല.

സുഖം നല്കുന്ന അന്യ വിഷയങ്ങളുടെ ചിന്തനം മാനസികം ആയ വ്യഭിചാരം ആണ്. ഈശ്വര പ്രാപ്തിയിൽ നിന്നും അത് സാധകനെ അകറ്റുന്നു. അല്ലെങ്കിൽ വഴി തിരിക്കുന്നു. ഓരോരോ അപകടത്തിൽ ചെന്ന് ചാടി കഴിഞ്ഞിട്ടാവും പലരും ആത്മാർത്ഥതയോടെ   ദൈവത്തെ വിളിക്കുക.. ആപത്തു വലുതായാൽ ഭക്തിയുംഅതനുസരിച്ച് ആക്കം  കൂടും.  ആപത്തുകളുടെ തീവ്രത ആണ് പലരുടെയും ഭക്തിയുടെയും തീവ്രത. 

ആപത്തിൽ ചാടുന്നവനെ ഭക്തി പിന്തുടരുന്നു. ഭക്തനെ ആപത്തും പിന്തുടരുന്നു. റൂട്ട് തെറ്റിയാൽ ഉടനെ പിടികൂടും. അതുകൊണ്ട് ഭക്തന്മാർ എല്ലായ്പോഴും ഭക്തന്മാർ മാത്രം ആയിരിക്കുന്നതാവും ഭേദം. ഭാഗികം ആയ ഭക്തിയും പാർട്ട് ടൈം ഭക്തിയും ഗുണകരമായി തോന്നുന്നില്ല 

Monday, 3 June 2013

A point from Srimad Bhagavatham

സജ്ജനങ്ങളെ, 
പരിശുദ്ധം  ആയ ഭക്തിമാർഗത്തിൽ ചരിക്കാൻ ഞാൻ ഉള്പ്പെടെ ഉള്ള ആളുകള്ക്കുള്ള വിമുഖതയുടെ   തെളിവായി ഈ ബ്ലോഗിന്റെ മന്ദമായ  പുരോഗതിയെ കണക്കാക്കാം.

ഇതിൽ ശ്രീമദ്‌ ഭാഗവതത്തിലെ ആദ്യ ശ്ലോകം മുൻപ് വ്യാഖ്യാനിച്ചിരുന്നു. ഇപ്പോൾ ശ്രദ്ധേയം ആയി തോന്നിയ മറ്റൊന്ന് ഉദ്ധരിക്കാൻ ആഗ്രഹിക്കുന്നു 

ശ്രീമദ്‌ ഭാഗവതസ്കന്ധം അഞ്ച് . ശ്ലോകം പതിനേഴ്‌.

ശ്രീ ഭഗവാനുവാച 
...
ബ്രഹ്മവാദോ  ന മൃഷാ ഭവിതും അർഹതി 
മമൈവ ഹി മുഖം യദ് ദ്വിജ ദേവകുലം. (5.17)

അർഥം. ബ്രഹ്മവാദം കപടം ആയിത്തീരാൻ അര്ഹിക്കുന്നില്ല. എന്റെ തന്നെ മുഖം ആണ് ദ്വിജദേവകുലം   


   

Saturday, 1 June 2013

Blog Review

ഈശ്വര ചിന്ത എന്ന ഈ ബ്ലോഗ്‌
ദൈവിക കാര്യങ്ങൾ മാത്രം സംവദിക്കുന്നതിനുള്ള
പരിശുദ്ധം ആയ വേദി ആണ്.
ക്ഷേത്ര ശ്രീകോവിൽ  പോലെ.

ശാന്തിവിചാരം ബ്ലോഗ് നല്ലൊരു അളവിൽ
സമൂഹ വിമര്ശന ധർമം നിർവഹിക്കുന്നു.
അത് ചിലരെ എങ്കിലും അലോസരപ്പെടുത്താം.

അതിനാൽ നല്ല ഭാവനകളെ
വേര്തിരിച്ച് പ്രസിദ്ധീകരിക്കാൻ
ആഗ്രഹിച്ചു. അതിന്റെ ഫലമാണിത്.

ഈ ബ്ലോഗ്‌ എന്റെ മറ്റു ബ്ലോഗുകളോളം
വളരുന്നില്ല എന്ന് കാണുന്നു.
എഴുതാത്തതല്ല മുഖ്യകാരണം.
സ്വീകാര്യത നോക്കി
അതനുസരിച്ചാണ് എഴുതുന്നത്‌.

ഇത് തുടങ്ങിയപ്പോൾ ഞാൻ വിചാരിച്ചു
ഇതിന്റെ റിവ്യൂ റെക്കോർഡ്‌
മറ്റു ബ്ലോഗുകളെ കടത്തി വെട്ടും എന്ന്.

പക്ഷെ അനുഭവം മറിച്ചാണ്
തെളിയിച്ചിരിക്കുന്നത്.
എന്താണ് ഇതിനർത്ഥം ?

ദൈവിക വിചാരത്തെക്കാൾ
മനുഷ്യര് ഇഷ്ടപ്പെടുന്നത്
മാനുഷികം ആയവ ആണെന്ന് അല്ലെ?
അവ വിമര്ശനാത്മകം ആയാല്പോലും.

ദൈവത്തിനു മുഖ്യ സ്ഥാനം
നല്കേണ്ട സ്ഥാപനങ്ങൾ ആണ് ക്ഷേത്രങ്ങൾ
എന്നാൽ ഇന്ന് ഇപ്പോൾ അങ്ങനെ ആണോ?
ദൈവ സ്ഥാനങ്ങൾ ജനങ്ങള് പിടിച്ചെടുത്ത്
ദൈവത്തിനു മേൽ ആധിപത്യം
സ്ഥാപിക്കുക ആയിരുന്നില്ലേ?

ഒരു തന്ത്രിയെക്കാളും മേല്ശാന്തിയെക്കാളും
അധികം സ്വാധീനം ഇന്ന് ഒരു
നിരീശ്വരവാദിക്കു ക്ഷേത്രത്തിൽ
ചെലുത്താൻ കഴിയും.

ബ്രാഹ്മണ്യത്തെ ക്ഷേത്രത്തിൽനിന്ന്
കെട്ടുകെട്ടിക്കണം എന്ന പക്ഷക്കാര്ക്ക് 
ആവാം ഒരുപക്ഷെ സമൂഹത്തിൽ ഭൂരിപക്ഷം.


അവരുടെ പ്രസംഗങ്ങളുടെയും
പ്രാർത്ഥനകളുടെയും ഫലം ആവാം
വരും തലമുറ ബ്രാഹ്മണർ
ക്ഷേത്ര രംഗത്തെ ഒഴിവാക്കുന്നത്.

പരമ്പരാഗത വിഭാഗം ആയ
നമ്പൂതിരിമാര്ക്ക് ഇന്ന്
ക്ഷേത്രവൃത്തി അപമാനകരം
ആയിത്തീര്ന്നിരിക്കുന്നു.

നാട്ടുകാരുടെ എല്ലാം വരുതിയിൽ
ആവേണ്ട ദുരവസ്ഥ ഉള്ളതിനാൽ ആണിത്.
ഇത് ഈശ്വരഭജനം അല്ല
ബ്രാഹ്മണ്യധ്വംസനം ആണ്. 

ഈ അവസ്ഥ മതപരം അല്ല.
മതത്തിനു ഹിതകരം അല്ല.
ഹാനികരം ആണ്.
അത് തിരിച്ചറിയുക.


Wednesday, 24 April 2013

ശ്രീ ഗണേശ അഷ്ടകം

കുറെ നാളുകൾക്കുശേഷം നമ്മുടെ പൊതുവായ ഈ "ഈശ്വരചിന്ത"  പ്രശസ്തമായ രീതിയിൽ ചെയ്യപ്പെടുകയാണ് . വളരെ അധികം സന്തോഷത്തോടെ സമർപ്പിക്കുന്നു ശ്രീ ഗണേശ അഷ്ടകം. ഇത് വായിക്കുന്നവര്ക്ക് എല്ലാം ഗണപതി ഭഗവാന്റെ അനുഗ്രഹം ഉണ്ടാവട്ടെ...

പ്രിയ വായനക്കാർ ഇത് നിത്യവും ജപിക്കണം... എന്നിട്ട് ഉണ്ടാകുന്ന അനുഭവങ്ങൾ അറിയിക്കണം...  അതിന്റെ അടിസ്ഥാനത്തിൽ വേണം എനിക്ക് ഫലശ്രുതി കൂടി എഴുതാൻ.... ഈ കീർത്തനത്തിനു കുറച്ചു ചരിത്രം ഉണ്ട്. അതിലേക്കു ഇപ്പോൾ കടക്കുന്നില്ല. ഇത് സംഗീതം ചെയ്തു ശ്രീ രഞ്ജിനി, ആഭോഗി എന്നീ രാഗങ്ങളിൽ ആലപിക്കാവുന്നത് ആണ്. ആദ്യത്തെ മൂന്നു ശ്ലോകങ്ങൾ 1993 ൽ എഴുതിയത് ആണ്. 




Thursday, 4 April 2013

ഏകാന്ത തപസ്സ്

ചിന്ത ചെയ്യുമ്പോൾ അതിൽ വാക്കുകൾക്കു സ്ഥാനമില്ല. ആശയം മാത്രമേ ഉളളൂ. എഴുത്തില്ല. 

ചിന്തയെ ഉറപ്പിക്കുന്നതിനും, പകരുന്നതിനും മാത്രമേ വാക്കുകളുടെ സഹായം വേണ്ടൂ.  

ചിന്താവിഷയം ഈശ്വരൻ മാത്രം ആയിരിക്കുന്ന അവസ്ഥ ഉണ്ടായാൽ അത് ഏകാന്ത തപസ്സ് ആകുന്നു. അതിലേക്കായി ഇതര ചിന്താവിഷയങ്ങളെ ഓരോന്നായി ത്യജിക്കേണ്ടി വരുന്നു. 

തപസ്സ് ആണ് ഹിന്ദുമതവിശ്വാസപ്രകാരം ഉള്ള ഏറ്റവും ഉത്തമം ആയ കർമം. അസുരന്മാർപോലും തപസ്സിനെ ആശ്രയിക്കുന്നു. തപസ്സിൽ വിശ്വസിക്കുന്നു. 

ഈ കലികാലത്തിന്റെ  ഒരേയൊരു മേന്മ ഇത് തപസ്സിനും മോക്ഷപ്രാപ്തിക്കും  ഏറ്റവും അനുയോജ്യം ആണ് എന്നാതാണ്.  മുന് യുഗങ്ങളിലെ പോലെ യാഗമോ യജ്ഞാമോ ഒന്നും കൂടാതെ കേവലം നാമജപം ഈശ്വരവിചാരം ഇവയിലൂടെ മോക്ഷപദം നേടാം എന്നാണു പൗരാണികർ ആയ ഗുരുജനങ്ങൾ തറപ്പിച്ചു പറഞ്ഞിട്ടുള്ളത്. 

പക്ഷെ മോക്ഷം അർഥിക്കുന്നവൻ ആയിരിക്കണം. ബന്ധം അർഥിക്കുന്നവരാണ് ഇന്ന് അധികവും. ബന്ധം മോക്ഷത്തിനു പ്രതിബന്ധം ആണ്.  അത് കൊണ്ട് സർവ ശക്തനായ ഈശ്വരനെ മാത്രം ബന്ധു ആയി വിചാരിക്കുക. 

സുഖയാത്രയ്ക്ക് ലഗേജ് കുറഞ്ഞിരിക്കണം എന്നൊരു ചൊല്ലുണ്ടല്ലൊ. അന്യ വിഷയങ്ങളുടെ ചിന്തയാണ് ലഗേജ്. ചിന്താധാരയിൽനിന്നും അന്യവിഷയങ്ങളെ ഒഴിവാക്കുന്തോറും   ഈശ്വരചിന്തയുടെ വിശുദ്ധി കൂടിവരും. ഇതുകൊണ്ടാണ് ദൈവിക ജീവിതം നയിച്ചിരുന്നവർ സമൂഹവും ആയുള്ള കൂട്ടുകെട്ടുകൾ ലഘുകരിച്ചിരുന്നത്.  

അവരുടെ ഉദ്ദേശശുദ്ധി തിരിച്ചറിഞ്ഞ ആത്മീയവിവേകം അഥവാ തിരിച്ചറിവ് ഉള്ള ഭരണകർത്താക്കൾ അവരുടെ പരിരക്ഷ ഉറപ്പുവരുത്തിയിരുന്നു. എന്നാൽ ഇന്ന് ആത്മീയ വിവേകം ഭരണകർത്താക്കൾ ഉപേക്ഷിച്ച മട്ടാണ്. ആകയാൽ ഈ അവസരം കുറ്റവാളികൾ നന്നായി വിനിയോഗിക്കുന്നു. 

കുറ്റവാളികൾ  ഈശ്വരചിന്ത ചെയ്യുന്നത് അവര്ക്കുവേണ്ടി മാത്രം.  മറ്റുള്ളവരുടെ അനുഗ്രഹഫലങ്ങളെ  തട്ടിച്ചു എടുക്കുന്നത് വലിയ മിടുക്കായി കരുതും. അതാണ്‌ അസുരപരമ്പരകളുടെ രീതി.  

ഹിന്ദുക്കളിൽ ഭൂരിപക്ഷവും ഇന്ന് ആസുരികമാർഗങ്ങളിൽ പ്രവർത്തിക്കുന്നു. പുറമേ ദൈവികപരിവേഷവും. ഇത് അസുര സംസ്കാരത്തിനുപോലും നാണക്കേടാണ്. 

അശോകവനത്തിൽ സീതയെ വശീകരിക്കാൻ എല്ലാ വിദ്യയും പ്രയോഗിച്ചു പരാജിതനായ രാവണൻ ശ്രീ രാമന്റെ വേഷം കെട്ടാൻ ഒരിക്കലും  തയ്യാറായില്ലല്ലൊ. 

വിഷ്ണുവിനെ സ്മരിച്ചാൽ പോലും മോക്ഷം കിട്ടിപ്പോയെങ്കിലോ എന്ന വിവേകം കലര്ന്ന ഭയം അല്ലെ ഇതിനു പിന്നിൽ? 

"യസ്യ സ്മരണമാത്രേണ ജന്മസംസാര ബന്ധനാൽ 
വിമുച്യതെ  നമസ്തസ്മൈ വിഷ്ണവേ പ്രഭ വിഷ്ണവേ!"

Sunday, 10 March 2013

ശിവരാത്രി ആശംസകള്‍

എല്ലാര്‍ക്കും ശിവരാത്രി ആശംസകള്‍

കഴിയുന്നത്ര സമയം ഒറ്റയ്ക്ക് ഇരിക്കുക,  ചിന്തിക്കുക എഴുതുക, വീണ്ടും വായിച്ചു പരിശോധിച്ച് തെറ്റ് തിരുത്തുക, കുഴപ്പം ഇല്ല എന്ന് തോന്നിയാല്‍ പ്രസിദ്ധീകരിക്കുക.. അതൊക്കെ വലിയ കാര്യം ആണെന്ന് വിചാരിച്ചു.

ആ വഴിക്ക് കുറെ ദൂരം നീങ്ങി. തൊഴില്‍പോലും ഉപേക്ഷിച്ച്.... എന്തിനോ ...

ഇപ്പോള്‍ മാങ്ങാനത്തപ്പന്റെ കുളപ്പുരമാളികയില്‍ ഏകാന്തവാസം അനുഷ്ടിക്കുമ്പോള്‍, മറിച്ചൊരു തോന്നല്‍... യാതൊന്നും ചിന്തിക്കാതെ ഇരിക്കുക, കര്‍മം ചെയ്യുക മാത്രം.. ജീവിതത്തില്‍ കുറച്ചു സമയം എങ്കിലും അനുഷ്ടാനങ്ങള്‍ക്കായി മാറ്റി വയ്ക്കുന്നത്  മികച്ച അനുഭവം ആയി, ധന്യത ആയി അനുഭവപ്പെടുന്നു. എത്ര അധികം positive energy ലഭിക്കുന്ന സ്ഥലം ആണെന്നോ ഇവിടം.

എന്റെ തൂലിക ആ പീഠത്തില്‍ അറിയാതെ വച്ചപ്പോള്‍ അതൊരു ഒരു ആത്മസമര്‍പ്പണകര്‍മം  ആയിത്തീര്‌ന്നു. അതിന്റെ ഫലം ഒട്ടും മോശം ആവില്ല.  

ഈ നിലയില്‍ ഇരുന്നു കൊണ്ട് ആശയ വിനിമയം സാധിക്കുക എന്നത് വലിയ ഭാഗ്യം ആണ്. അതൊരു അത്യാഗ്രഹം പോലെ തോന്നുന്നു. എല്ലാം ഈശ്വരേച്ഛപോലെ മംഗള കരം  ആവട്ടെ.  എല്ല്ലാവര്‍ക്കും ശിവരാത്രി ആശംസകള്‍.  

Monday, 25 February 2013

നൃസിംഹപഞ്ചകം

ഉച്ചഗര്‍ജനഗംഭീരം  
ദൈത്യഹന്താരമീശ്വരം. 
ഭക്തപ്രഹ്ലാദവദ്വന്ദേ 
നൃസിംഹം സ്തംഭസംഭവം!
---------------------
ഭക്തപ്രഹ്ലാദവത് + വന്ദേ

ഉച്ചത്തിലുള്ള ഗംഭീരമായ ഗര്‍ജനശബ്ദത്തോടെ  തൂണില്‍നിന്നും സംഭവിച്ചതും,  ദൈത്യഹന്താവും ഈശ്വരനുമായ   നരസിംഹമൂര്‍ത്തിയെ ഭക്തപ്രഹ്ലാദനെപ്പോലെ ഞാന്‍ വന്ദിക്കുന്നു.  ദൈത്യന്‍ - അസുരന്‍ 

പ്രതിഷേധത്തിന്റെ മൂര്‍ത്തി ആണല്ലോ നരസിംഹം. നൃസിംഹം സ്തംഭസംഭവം.   ദൈവനിന്ദകരുടെ മാറ് പിളര്‍ന്നു ചോര കുടിക്കുകയും മാംസം ഭക്ഷിക്കുകയും ചെയ്യുന്ന ഉഗ്രനരസിംഹം ശ്രീ മാങ്ങാനത്തപ്പന്‍ ആണ് ഇപ്പോള്‍ എന്റെ ഉപാസനാമൂര്‍ത്തിയുടെ പീഠം അലങ്കരിക്കുന്നത്.  

ഈ ശ്ലോകം എന്റെ നരസിംഹപൂജയുടെ സാഫല്യം. എല്ലാ ഭക്തര്‍ക്കും നരസിംഹമൂര്‍ത്തിയുടെ അനുഗ്രഹം ഉണ്ടാവട്ടെ. 

അസത്യവാദികളും അഹങ്കാരികളും ആയ ശാസ്ത്രനിന്ദകരെ സംഹരിക്കുക എന്നത് ദൈവധര്‍മം ആണ്.  ശാന്തിക്കാരും തന്ത്രികളും ദേവസ്വം അധികൃതരും ഒക്കെ അതിനു തടസ്സം നില്‍ക്കുകയല്ലേ?  

അസത്തുക്കളെ ഭക്തജനം ആയി കണ്ടത് കൊണ്ട് മാത്രം അവര്‍ സജ്ജനം ആവുമോ? അവര്‍ക്ക് ഒത്താശകള്‍ ചെയ്യല്‍ ആണോ ശാന്തിക്കാരന്റെ കര്‍ത്തവ്യം? 

ഭക്തജനങ്ങള്‍ എന്ന് അറിയപ്പെടുന്ന പോരാളികള്‍ക്ക്   എതിരായ അഭിപ്രായങ്ങള്‍ പലതും ഞാന്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അതിനു ഈശ്വരന്‍ തന്ന മാര്‍ക്ക് അഥവാ അംഗീകാരം ആയി ഈ അവസരത്തെ കാണുന്നു.  മാങ്ങാനത്തപ്പനെ സേവിക്കാന്‍ കഴിയുന്നത്‌ ഭാഗ്യം തന്നെ. പഴയകാലത്തെപോലെ തന്നെ ക്ഷേത്രപരിശുദ്ധി കാത്തു സൂക്ഷിക്കുന്ന ചുരുക്കം ക്ഷേത്രങ്ങളില്‍ ഒന്നാണ് മാങ്ങാനത്ത്  ക്ഷേത്രം. 

അധികാരഭാവത്തോടെ സമീപിക്കുന്ന ദുര്‍ജ്ജനങ്ങളുടെ താല്പര്യങ്ങള്‍ക്ക് വഴിപ്പെടാതെ ഇരുന്നാല്‍ ദൈവാനുഗ്രഹം കൂടുതല്‍ ലഭിക്കും എന്നതില്‍ സംശയമില്ല.

ഇതാ ദൈവാനുഗ്രഹം ലഭിച്ചു കഴിഞ്ഞു. പഞ്ചകം തികഞ്ഞു. 


ഹിരണ്യകശിപോരന്ത്യ -
കര്താരം നാസ്തികസ്യ ച
വിചിത്രം വിസ്മയാകാരം
നൃസിംഹം സ്തംഭസംഭവം. (2)

സര്‍വ്വഭൂതേഷു ഭഗവാ-
നസ്തീതി കഥിതം ബുധൈ:
പ്രമാണം തസ്യ പ്രത്യക്ഷം
നൃസിംഹം സ്തംഭസംഭവം. (3)


മൃഗേന്ദ്രവദനം സത്വം
അവതാരേഷു ഭീകരം.
ഹിംസയാ ധര്‍മകര്‍ത്താരം
നൃസിംഹം സ്തംഭസംഭവം. (4)


വിശ്വവിഖ്യാതക്ഷേത്രേfസ്മിന്‍
മയാപി പരിപൂജിതം
ആമ്രവനപുരാധീശം
നൃസിംഹം സ്തംഭസംഭവം.(5)


ഇങ്ങനെ നൃസിംഹപഞ്ചകം സമ്പൂര്‍ണം :)
ആമ്രവനപുരാധീശന്‍ - മാങ്ങാനത്തപ്പന്‍ 

Thursday, 31 January 2013

സുഭാഷിതം


ശൈലെ ശൈലെ ന മാണിക്യം.
മൌക്തികം ന ഗജെ ഗജെ !
സാധവോ നഹി സര്‍വത്ര
ചന്ദനം ന വനെ വനെ !!

മാണിക്യക്കല്ല് മരതകം, ചന്ദനം തുടങ്ങിയ വസ്തുക്കള്‍ ദുര്‍ലഭം ആണ്. സാധാരണം അല്ല. അതുപോലെ ആണ് ദുര്‍ലഭം ആണ് സജ്ജനങ്ങളും!

സാധു എന്ന വാക്കിനു സജ്ജനം എന്നാണു ശരിയായ അര്‍ഥം. ഇന്ന് പ്രയോഗാര്‍ഥം പാവത്താന്‍, കൊള്ളരുതാത്തവന്‍ എന്നൊക്കെ വിപരീത ദിശയില്‍ ആയിരിക്കുന്നു. 


പര്‍വതങ്ങള്‍ അനേകം ഉണ്ട്. പക്ഷെ മാണിക്യം എല്ലാ പര്‍വതങ്ങളിലും ഇല്ല. ഐരാവതത്തിന്റെ നെറ്റിയില്‍ വജ്രം  (diamond) ഉണ്ട്. എല്ലാ ആനകളിലും അതില്ല.  ഏതു കാട്ടിലും ചന്ദനം വളരും. പക്ഷെ എല്ലാ കാടുകളിലും ചന്ദനമരം ഉണ്ടാവുന്നില്ല. സജ്ജനങ്ങളുടെ കാര്യവും ഇതുപോലെ ആണ്. അവര്‍ എല്ലായിടത്തും കാണപ്പെടുന്നില്ല.

ഇത്തരം സുഭാഷിതങ്ങള്‍ ഇന്ന് സ്കൂളുകളില്‍ സിലബസ്സിന് പുറത്താണ്. എന്നാല്‍ സംസ്കൃത വിദ്യാഭ്യാസത്തില്‍ അവ ഒഴിവാക്കാന്‍ ആവില്ല. പക്ഷെ സംസ്കൃത വിദ്യാഭ്യാസത്തെ അപരിഷ്കൃതമായി വിചാരിച്ചു  ഒഴിവാക്കുകയാണ് ആധുനികലോകം. ഇത് നിര്‍ഭാഗ്യകരമാണ്.

എത്ര ഭംഗിയുള്ള ശ്ലോകമാണ് മേലുദ്ധരിച്ചത്! എന്താ അര്‍ത്ഥഗാംഭീര്യം!!  ഇതുപോലെ എത്രയെത്ര ശ്ലോകങ്ങള്‍.

വനത്തില്‍ പോയ ശ്രീരാമന്‍ ആദികവി ആയ വാല്മീകിയുടെ ആശ്രമം സന്ദര്‍ശിച്ചു.  അയോധ്യാപതി ആയ ശ്രീരാമകുമാരന് ഇരിക്കാന്‍ ഉള്ള സ്ഥലം പോലും അവിടെ ഉണ്ടായിരുന്നില്ല. പുറത്തു നിന്ന് ശ്രീരാമന്‍ ചോദിച്ചു:  അല്ലയോ മുനേ, "അങ്ങയെ നേരില്‍  കണ്ടു വണങ്ങാനായി കാടും താണ്ടി ഒരുവിധത്തില്‍  ഞാനിവിടം വരെ എത്തിപ്പെട്ടു. ഇവിടെ എവിടെയാ ഒന്നിരിക്യാ?"

ഉടന്‍ വാല്മീകി പറഞ്ഞു "ലോകൈക നാഥന്‍ ആയ നിന്തിരുവടിക്ക് എല്ലായിടവും അധീനം തന്നെ. ആകയാല്‍ എവിടെയാണ് ഇരുന്നു കൂടാത്തത്? ഭക്തന്മാരുടെ മനസ്സ് തന്നെയാണ് ഈശ്വരന്‍ ആയ അങ്ങയ്ക്കു ഇരുന്നരുളാന്‍ ഉത്തമം ആയ വാസസ്ഥാനം

Wednesday, 23 January 2013

ദേവീമാഹാത്മ്യം


വിദ്യാ സമസ്താസ്തവ ദേവി ഭേദാ: 
സ്ത്രിയ: സമസ്താ സകലാ ജഗല്സു
ത്വയൈകയാ പൂരിതം അംബ, ഏതത്
കാ തേ സ്തുതി സ്തവ്യ പരാപരോക്തി? 
(ദേവീമാഹാത്മ്യം)

  •  ഈ ലോകത്തിലെ വിവിധവിദ്യകള്‍ ദേവിയുടെ പ്രകാരഭേദങ്ങള്‍ ആകുന്നു. അതുപോലെ എല്ലാ സ്ത്രീകളും ദേവിയുടെ ശക്തി സ്വരൂപങ്ങള്‍ ആകുന്നു. ഈ ലോകത്തില്‍ എല്ലാ വസ്തുക്കളും ആ പരാശക്തിയെക്കൊണ്ട് നിറഞ്ഞു ഇരിക്കുന്നു. അങ്ങനെ ഉള്ള ആദിപരാശക്തിയെ ആര് സ്തുതിക്കും? എങ്ങനെ സ്തുതിക്കും? സ്തുതിപ്പാന്‍ ഏതു വാക്ക് ഉപയോഗിക്കും? വാക്കുകള്‍ പോലും ശക്തിയുടെ സ്വന്തം ആണ് എന്ന് അര്‍ഥം.
  •  ഇത് ദേവീമാഹാത്മ്യത്തിലെ പ്രസിദ്ധം ആയ ശ്ലോകം ആണ്. ദേവീകൃപകൊണ്ട് അതിലെ മുഴുവന്‍ ശ്ലോകങ്ങളും (700) മലയാളത്തിലേക്ക് പരിഭാഷ ചെയ്യാന്‍ സാധിച്ചിട്ടുണ്ട്. പൂര്‍ണം ആയ പരിഭാഷ എന്നല്ല പൂര്‍ണം ആയ മൂലം പോലും ഇന്ത്യയിലുടനീളം അന്വേഷിച്ചിട്ട് തനിക്കു കിട്ടിയിട്ടില്ല എന്ന് കണ്ടിയൂര്‍ മഹാദേവ ശാസ്ത്രികള്‍ അദ്ദേഹത്തിന്റെ വിവര്‍ത്തനത്തില്‍ പറയുന്നു. സമ്പൂര്‍ണ വിവര്‍ത്തനം തയ്യാറാക്കാന്‍ അതും എനിക്ക് പ്രചോദനം ആയി. എന്നാല്‍ പന്തീരാണ്ടു കഴിഞ്ഞിട്ടും അത് ഇതുവരെ അച്ചടിച്ചു പ്രസിദ്ധീകരിക്കാന്‍ ആയിട്ടില്ല. 
    രണ്ടു കൊല്ലം മുന്‍പ് സപ്താഹയജ്ഞരൂപത്തില്‍ അതൊരു ദേവീക്ഷേത്രസന്നിധിയില്‍ പ്രകാശിപ്പിച്ചു. അതരുതെന്നു ചില മുതിര്‍ന്ന ഉപാസകര്‍ വിലക്കിയിരുന്നു. എങ്കിലും എല്ലാം വിചാരിച്ചതിലും ഭംഗിയായി നടന്നു. എന്നാല്‍ ഫലഭാഗം നോക്കിയാല്‍ മുതിര്‍ന്ന ഉപാസകന്‍ പറഞ്ഞത്തിലും കാര്യമുണ്ട് എന്ന് ബോധ്യമാകും. വിശദ അംശങ്ങള്‍ ബ്ലോഗ്‌ ചെയ്യാം.

സത്യം ആണ് എന്ന് എനിക്ക് ബോധ്യപ്പെട്ടു. തുടര്‍ന്ന് ആയതിന്റെ പ്രസിദ്ധീകരണം വേണ്ടാ എന്ന് വയ്ക്കാന്‍ ഞാന്‍ പ്രേരിതനായി. അഭക്തന്മാരുടെയും അവിശ്വാസികളുടെയും കപടയോഗികളുടെയും  മുന്‍പില്‍ ദര്‍ശനം നല്‍കാന്‍ സ്വതവേ  വിമുഖത ഉള്ള  ദൈവങ്ങളെ വിശുദ്ധി കുറവായിട്ടുള്ള പൊതുവേദികളിലേക്ക് ആവാഹിച്ചു വരുത്തുന്നത് ഉചിതം ആയി തോന്നുന്നില്ല.    വൈദ്യുത ഉപകരണങ്ങള്‍ കൈകാര്യം ചെയ്യുന്ന ഒരു ഇലക്ട്രിഷന്‍റെ വിദഗ്ധത -ശ്രദ്ധയും ഏകാഗ്രതയും- ജൈവവൈദ്യുതി ആയിരിക്കുന്ന  ആന്തരികശക്തിയെ -ദേവീ ശക്തിയെ, പരാശക്തിയെ-കൈകാര്യം ചെയ്യുന്നവര്‍ക്കും ഉണ്ടാകേണ്ടത് ആണ്.

ആ പ്രഹരം ഒരു നല്ല പാഠം ആയി . അതിന്റെ പിന്നിലുള്ള ഉത്തമ താല്പര്യങ്ങള്‍ നിരീക്ഷിക്കാനും, അതനുസരിച്ചുള്ള നിലപാടുകള്‍ എടുക്കാനും തുടര്‍ന്ന് ശ്രദ്ധിച്ചു വരുന്നു.

Thursday, 17 January 2013

The Temple Field

Reactions Challenged!
ഈ കൊടും ചതിക്ക് ഇരയായിട്ടുള്ളത് ശുദ്ധരായ മുതിര്‍ന്ന തലമുറയിലെ ശാന്തിക്കരാണ്. അഭ്യസ്തവിദ്യരായ ഇളം തലമുറയുടെ പ്രതികരണം എങ്ങനെ ആവുക സ്വാഭാവികമാണ്? - "നാം ആരാധനയൊന്നും ചെയ്യാന്‍ പാടില്ല. ചെയ്യുന്നതായി ഒരു തോന്നല്‍ ഉണ്ടാക്കുകയെ പാടുള്ളൂ."  


ദൈവത്തിനും ഒരുപക്ഷെ അതാവും ഇഷ്ടം. കാരണം യുദ്ധവും മതധര്‍മം ആണല്ലോ. അധര്‍മതിനു എതിരെ സന്ധിയല്ല യുദ്ധം തന്നെയാണ് മതം.

Tuesday, 15 January 2013

Santhi

ഭഗവല്‍സേവകരായിരിക്കേണ്ട സന്ന്യാസിമാര്‍ ജന പ്രീണനാര്‍ത്ഥം മനുസ്മൃതി നിയമങ്ങളെ തന്ത്രപൂര്‍വ്വം തെറ്റിദ്ധരിപ്പിച്ച് സമൂഹത്തില്‍ ബ്രാഹ്മണവര്‍ഗ്ഗവിരോധവും അശാന്തിയും വളര്‍ത്തുന്നു.  

Monday, 14 January 2013

മാങ്ങാനത്തപ്പന് സ്തുതി.


ക്ഷേത്രശാന്തിയുടെ സുഖം അറിയണം എങ്കില്‍ അത് വേണ്ടെന്നു വയ്ക്കണം. അപ്പോള്‍ അനുഭവപ്പെടുന്ന നിര്‍വൃതി ആണ് മോക്ഷം!  ആരോ സംശയം പോലെ ചോദിച്ചിരുന്നു. ക്ഷേത്രത്തില്‍ ഉപാസനയില്‍ അല്ലെ നിര്‍വൃതി എന്നും, നാട്ടുകാരോട് മല്ലിടുന്നതില്‍ അല്ലല്ലോ എന്നും. 

ഈ വേള പൂജയില്‍ ഞാന്‍ വളരെ വേഗം അനുഗ്രഹീതന്‍ ആയി. വലിയൊരു പാഠം മാങ്ങാനത്തപ്പന്‍ എന്നെ പഠിപ്പിച്ചു.  ക്ഷേത്രത്തില്‍ ഭഗവാനുതന്നെ ആയിരിക്കണം പ്രാധാന്യം നല്‍കേണ്ടത് എന്നതാണ് അത്.  

ഭക്തവേഷത്തില്‍ വരുന്ന ചട്ടമ്പികള്‍ക്കു ആണല്ലോ ഇപ്പോള്‍ എവിടെയും കൂടുതല്‍ പ്രാധാന്യം നല്‍കി വരുന്നത്. കസവു പുതച്ചും, പരുഷമായി നിരീക്ഷിച്ചും ഒരു നാമംപോലും ഉച്ചരിക്കാതെയും എന്തെങ്കിലും അങ്ങോട്ട്‌ പറഞ്ഞാല്‍ പുച്ചിച്ചും പിറുപിറുത്തും  തര്‍ക്കുത്തരം പറഞ്ഞും നടക്കുന്നവര്‍. 

അവരെ അവഗണിക്കണം. പണി പോയാലും വേണ്ടില്ല. അതൊരു ധര്‍മസമരം തന്നെ ആയിരിക്കും. ഫലം ഈശ്വരന്‍ തരും. ഞാന്‍ പലരോടും തുറന്നടിച്ചു, സൗഹൃദം വിടാതെതന്നെ. അതിന്റെ പൊരുള്‍ അവര്‍ കുറച്ചെങ്കിലും  മനസ്സിലാക്കിക്കാണും   എന്നു  വിചാരിക്കുന്നു.  പോരാത്തത് അനുഭവങ്ങള്‍ പഠിപ്പിക്കും. 

ഇന്ന് ഏതു മണ്ഡലത്തിലും ഹിന്ദു  മൂന്നാംനിരയിലേക്ക് പിന്തള്ളപ്പെടുന്നു. അവിടങ്ങളില്‍ ഒന്നും അവനു പ്രതീക്ഷ ഇല്ല അപ്പോള്‍ സമൂഹത്തില്‍ ആളുകളിക്കാന്‍ ഒരു രംഗം കണ്ടു. ക്ഷേത്രം. അവിടെ വന്നു ബ്രാഹ്മണരോട് മല്ലിടുക. ജയം സുനിശ്ചിതം. ദൈവത്തെ അങ്ങനെ കയ്യിലെടുത്താല്‍ പിന്നെ എല്ലാം കയ്ക്കലായി! 

പക്ഷെ   കുരുത്തംകെട്ടവര്‍ എവിടെ ചെന്നാലും നാശം! കുഞ്ചന്‍ നമ്പ്യാര്‍ പാടിയത് പോലെ "... നന്നായ് വരുമോ ദുരിതം ചെയ്‌താല്‍!"

Saturday, 12 January 2013

ഒരു വലിയ സംശയം

ലൗകികബന്ധങ്ങള്‍ മായ ആണെന്നും അത് നശിക്കുന്നത് ആണെന്നും ഈശ്വരനുമായുള്ള ബന്ധം മാത്രം ആണ് ശാശ്വതം എന്നും ഉള്ള സിദ്ധാന്തം ആണ് ഒരു ഉത്തമഭക്തന്റെ മനസ്സിലെ ഉറച്ച ബോധ്യം. 

മായാബന്ധങ്ങള്‍ക്ക് അതീതമായ ഭക്തിയുടെ തലം വളരെ ഉയര്‍ന്നതാണ്.   അവിടെ ഭഗവാന്‍ അല്ലാതെ മറ്റൊന്നും ഇല്ല. അത്രയും ഉയര്‍ന്ന തലത്തിലേക്ക് എത്തുവാന്‍ നമ്മുടെ സാദാ ഭക്തി പോരാ.  

ഭക്തിക്കു വിപരീത ദിശയില്‍ ഉള്ള പ്രതിഷേധ ഭാവം മനസ്സില്‍ തോന്നിയാല്‍ പൂജ അല്ല, യുദ്ധം ആണ് കരണീയം. അങ്ങനെ ഒരു സാഹചര്യം സംജാതം ആയപ്പോള്‍ ക്ഷേത്രപൂജയില്‍ നിന്നും വിരമിക്കാന്‍ ഞാന്‍ ആഗ്രഹിച്ചു. എന്റെ ആഗ്രഹം ശരിയായത് ആണെന്ന് നരസിംഹമൂര്‍ത്തിക്ക് തോന്നി. ഞാന്‍ ഇപ്പോള്‍ തല്‍ക്കാലം സ്വതന്ത്രന്‍ ആയിരിക്കുന്നു. 

ഇനി എഴുത്തില്‍ പഴയത് പോലെ ആക്റ്റീവ് ആകണം എന്ന് കരുതുന്നു. ഒരു പുനര്‍ജ്ജന്മം പോലെ. ഇപ്പോള്‍ വയ്യ. എല്ലാം അബ്നോര്‍മല്‍ ആയിരിക്കുകയാണ്. മാനസിക അവസ്ഥയും.  കായിക അവസ്ഥയും ശ്വാസചംക്രമണം പോലും. എഴുതാന്‍ ഏറെയുണ്ട്. പക്ഷെ ഒന്നും ഇപ്പോള്‍ തോന്നുന്നില്ല. ശൂന്യാകാശം പോലെ മനസ്സ്. 

ഇങ്ങനെയാണ് എന്റെ പൂജ. കുറെ ദിവസം ചെയ്യും. മടുക്കുമ്പോള്‍  സ്വയം മതിയാക്കും.  ക്ഷേത്രരംഗത്തെ അശാസ്ത്രീയതകള്‍ ആണ് മടുപ്പിന് പിന്നില്‍. അതൊന്നും പറയാന്‍ അവസരമില്ല.   

ഇപ്പോള്‍ ഒരു വലിയ സംശയം കൂടി ഉണ്ടായിരിക്കുന്നു. ഭക്തജനങ്ങളോട് ചില്ലറ അഭിപ്രായ വ്യത്യാസം തോന്നാറുണ്ട്  അവരെ സുഹൃത്തുക്കള്‍ ആയും ബന്ധുക്കള്‍ ആയും ആയിരുന്നു കരുതിയത്‌. ഇപ്പോള്‍ തോന്നുന്നു അവര്‍ ബ്രാഹ്മണരുടെ ബദ്ധശത്രുക്കള്‍ ആണ് എന്ന്.  അല്ല എങ്കില്‍ അതിനു എന്താണ് തെളിവ്? 

Saturday, 5 January 2013

Protest

ഈശ്വരപൂജ ജനസേവനം അല്ല. അത് തികച്ചും വ്യക്തികളുടെ സ്വകാര്യത ആണ്. ക്ഷേത്രങ്ങളിലും മുന്‍പ് അങ്ങനെ ആയിരുന്നു.

പിന്നീട് രാഷ്ട്രീയപരവും കച്ചവടപരവും ആയ താല്പര്യങ്ങള്‍ കൂടുതല്‍ ഉള്ള ജനവിഭാഗം ക്ഷേത്രങ്ങളെ പിടിച്ചെടുത്തു ബ്രാഹ്മണരെ അവരുടെ പാട്ടിലാക്കി. വരുതിയിലും നിയന്ത്രണത്തിലും. ഇപ്പോള്‍ സ്വന്തം ആള്‍ക്കാരെ ഉപയോഗിച്ച് അവരെ പുറംതള്ളാന്‍ ഉള്ള ഉള്ളിലിരുപ്പ് പുറത്തായി. 


ഇന്ന് ക്ഷേത്രങ്ങളില്‍ പൂജ ഒരു പ്രഹസനവും ആള്‍ക്കൂട്ടത്തെ ആകര്‍ഷിക്കാനുള്ള ഉപായവും ഒക്കെ ആയി മാറിയിരിക്കുന്നു. ഈശ്വരോപാസനയ്ക്കു പ്രാധാന്യം കല്പിക്കുന്ന ഒരു പൂജാരിക്ക് പലപ്പോഴും യോജിക്കാന്‍ ആവാത്ത സാഹചര്യങ്ങള്‍ ക്ഷേത്രങ്ങളില്‍ ഉണ്ടാവുക ഇന്ന് വളരെ സാധാരണം ആണ്. ഏതു സാഹചര്യത്തിലും പരാതിയും പരിഭവവും പറയാതെ പൊരുത്തപ്പെട്ടു പോരുകയാണ് ശാന്തിക്കാരും തന്ത്രിമാറും ഒക്കെ. അത് അവരുടെ ഒരു കടമ പോലെ ആയിരിക്കുന്നു. 

എന്നാല്‍ ക്ഷേത്ര സാഹചര്യം പിന്നെയും മാറിയിരിക്കുകയാണ്. ഹിന്ദുക്കളിലെ ഭൂരിപക്ഷ ജനവിഭാഗത്തിന്റെ ഇച്ഛാശക്തി ഇയ്യിടെ പെരുന്നയില്‍ പ്രകടമാവുക ഉണ്ടായി. അവര്‍ ബ്രാഹ്മണരെ ചൂഷകര്‍ ആയി കാണാന്‍ തുടങ്ങിയിരിക്കുന്നു. ഈ സാഹചര്യത്തില്‍ ക്ഷേത്രങ്ങളില്‍ നിന്നും വിട്ടുനില്‍ക്കേണ്ടത് ആത്മാഭിമാനസംരക്ഷണത്തിന് ആവശ്യം ആയിരിക്കുന്നു. 

ആകയാല്‍ ആക്ഷേപം ഉന്നയിച്ചവരുടെ നേരിട്ടുള്ള ഭരണത്തില്‍ ഉള്ള ക്ഷേത്രത്തില്‍ അല്ല ഞാന്‍ ഇപ്പോള്‍ പോവുന്നത് എങ്കിലും, ആ ക്ഷേത്രത്തിന്റെ പ്രയോജനം അനുഭവിക്കുന്നത് മുഖ്യമായും അവരുടെ ആളുകള്‍ ആകയാല്‍, അങ്ങനെ ഒരു സേവനം ചെയ്യുന്നത് അനുചിതം ആയും അസ്ഥാനത്ത് ആയും കാണപ്പെടുന്നു. എത്ര അധികം താല്പര്യത്തോടെ ആണ് ഞാനിതു ചെയ്തു വരുന്നത് എന്ന് പല ബ്ലോഗുകളില്‍നിന്നും വ്യക്തം ആണ്. എങ്കിലും വിട്ടു നില്‍ക്കുന്നതാണ് കൂടുതല്‍ ശരി എന്ന് വന്നിരിക്കുന്നു. ആകയാല്‍ 3-4 ദിവസത്തിനുള്ളില്‍ ഞാന്‍ മാങ്ങാനം നരസിംഹസ്വാമിക്ഷേത്രം വിടും. 

ഭക്തിയെക്കാള്‍ പ്രതിഷേധം അധികം ഉള്ള ആളാണ്‌ ഞാന്‍. ഭക്തിയും ബ്രഹ്മത്വവും ഉള്ള നായന്മാര്‍ ഉത്തമ ബ്രാഹ്മണര്‍ ആയി മുന്നോട്ടു വരട്ടെ.