Thursday 31 January 2013

സുഭാഷിതം


ശൈലെ ശൈലെ ന മാണിക്യം.
മൌക്തികം ന ഗജെ ഗജെ !
സാധവോ നഹി സര്‍വത്ര
ചന്ദനം ന വനെ വനെ !!

മാണിക്യക്കല്ല് മരതകം, ചന്ദനം തുടങ്ങിയ വസ്തുക്കള്‍ ദുര്‍ലഭം ആണ്. സാധാരണം അല്ല. അതുപോലെ ആണ് ദുര്‍ലഭം ആണ് സജ്ജനങ്ങളും!

സാധു എന്ന വാക്കിനു സജ്ജനം എന്നാണു ശരിയായ അര്‍ഥം. ഇന്ന് പ്രയോഗാര്‍ഥം പാവത്താന്‍, കൊള്ളരുതാത്തവന്‍ എന്നൊക്കെ വിപരീത ദിശയില്‍ ആയിരിക്കുന്നു. 


പര്‍വതങ്ങള്‍ അനേകം ഉണ്ട്. പക്ഷെ മാണിക്യം എല്ലാ പര്‍വതങ്ങളിലും ഇല്ല. ഐരാവതത്തിന്റെ നെറ്റിയില്‍ വജ്രം  (diamond) ഉണ്ട്. എല്ലാ ആനകളിലും അതില്ല.  ഏതു കാട്ടിലും ചന്ദനം വളരും. പക്ഷെ എല്ലാ കാടുകളിലും ചന്ദനമരം ഉണ്ടാവുന്നില്ല. സജ്ജനങ്ങളുടെ കാര്യവും ഇതുപോലെ ആണ്. അവര്‍ എല്ലായിടത്തും കാണപ്പെടുന്നില്ല.

ഇത്തരം സുഭാഷിതങ്ങള്‍ ഇന്ന് സ്കൂളുകളില്‍ സിലബസ്സിന് പുറത്താണ്. എന്നാല്‍ സംസ്കൃത വിദ്യാഭ്യാസത്തില്‍ അവ ഒഴിവാക്കാന്‍ ആവില്ല. പക്ഷെ സംസ്കൃത വിദ്യാഭ്യാസത്തെ അപരിഷ്കൃതമായി വിചാരിച്ചു  ഒഴിവാക്കുകയാണ് ആധുനികലോകം. ഇത് നിര്‍ഭാഗ്യകരമാണ്.

എത്ര ഭംഗിയുള്ള ശ്ലോകമാണ് മേലുദ്ധരിച്ചത്! എന്താ അര്‍ത്ഥഗാംഭീര്യം!!  ഇതുപോലെ എത്രയെത്ര ശ്ലോകങ്ങള്‍.

വനത്തില്‍ പോയ ശ്രീരാമന്‍ ആദികവി ആയ വാല്മീകിയുടെ ആശ്രമം സന്ദര്‍ശിച്ചു.  അയോധ്യാപതി ആയ ശ്രീരാമകുമാരന് ഇരിക്കാന്‍ ഉള്ള സ്ഥലം പോലും അവിടെ ഉണ്ടായിരുന്നില്ല. പുറത്തു നിന്ന് ശ്രീരാമന്‍ ചോദിച്ചു:  അല്ലയോ മുനേ, "അങ്ങയെ നേരില്‍  കണ്ടു വണങ്ങാനായി കാടും താണ്ടി ഒരുവിധത്തില്‍  ഞാനിവിടം വരെ എത്തിപ്പെട്ടു. ഇവിടെ എവിടെയാ ഒന്നിരിക്യാ?"

ഉടന്‍ വാല്മീകി പറഞ്ഞു "ലോകൈക നാഥന്‍ ആയ നിന്തിരുവടിക്ക് എല്ലായിടവും അധീനം തന്നെ. ആകയാല്‍ എവിടെയാണ് ഇരുന്നു കൂടാത്തത്? ഭക്തന്മാരുടെ മനസ്സ് തന്നെയാണ് ഈശ്വരന്‍ ആയ അങ്ങയ്ക്കു ഇരുന്നരുളാന്‍ ഉത്തമം ആയ വാസസ്ഥാനം

Wednesday 23 January 2013

ദേവീമാഹാത്മ്യം


വിദ്യാ സമസ്താസ്തവ ദേവി ഭേദാ: 
സ്ത്രിയ: സമസ്താ സകലാ ജഗല്സു
ത്വയൈകയാ പൂരിതം അംബ, ഏതത്
കാ തേ സ്തുതി സ്തവ്യ പരാപരോക്തി? 
(ദേവീമാഹാത്മ്യം)

  •  ഈ ലോകത്തിലെ വിവിധവിദ്യകള്‍ ദേവിയുടെ പ്രകാരഭേദങ്ങള്‍ ആകുന്നു. അതുപോലെ എല്ലാ സ്ത്രീകളും ദേവിയുടെ ശക്തി സ്വരൂപങ്ങള്‍ ആകുന്നു. ഈ ലോകത്തില്‍ എല്ലാ വസ്തുക്കളും ആ പരാശക്തിയെക്കൊണ്ട് നിറഞ്ഞു ഇരിക്കുന്നു. അങ്ങനെ ഉള്ള ആദിപരാശക്തിയെ ആര് സ്തുതിക്കും? എങ്ങനെ സ്തുതിക്കും? സ്തുതിപ്പാന്‍ ഏതു വാക്ക് ഉപയോഗിക്കും? വാക്കുകള്‍ പോലും ശക്തിയുടെ സ്വന്തം ആണ് എന്ന് അര്‍ഥം.
  •  ഇത് ദേവീമാഹാത്മ്യത്തിലെ പ്രസിദ്ധം ആയ ശ്ലോകം ആണ്. ദേവീകൃപകൊണ്ട് അതിലെ മുഴുവന്‍ ശ്ലോകങ്ങളും (700) മലയാളത്തിലേക്ക് പരിഭാഷ ചെയ്യാന്‍ സാധിച്ചിട്ടുണ്ട്. പൂര്‍ണം ആയ പരിഭാഷ എന്നല്ല പൂര്‍ണം ആയ മൂലം പോലും ഇന്ത്യയിലുടനീളം അന്വേഷിച്ചിട്ട് തനിക്കു കിട്ടിയിട്ടില്ല എന്ന് കണ്ടിയൂര്‍ മഹാദേവ ശാസ്ത്രികള്‍ അദ്ദേഹത്തിന്റെ വിവര്‍ത്തനത്തില്‍ പറയുന്നു. സമ്പൂര്‍ണ വിവര്‍ത്തനം തയ്യാറാക്കാന്‍ അതും എനിക്ക് പ്രചോദനം ആയി. എന്നാല്‍ പന്തീരാണ്ടു കഴിഞ്ഞിട്ടും അത് ഇതുവരെ അച്ചടിച്ചു പ്രസിദ്ധീകരിക്കാന്‍ ആയിട്ടില്ല. 
    രണ്ടു കൊല്ലം മുന്‍പ് സപ്താഹയജ്ഞരൂപത്തില്‍ അതൊരു ദേവീക്ഷേത്രസന്നിധിയില്‍ പ്രകാശിപ്പിച്ചു. അതരുതെന്നു ചില മുതിര്‍ന്ന ഉപാസകര്‍ വിലക്കിയിരുന്നു. എങ്കിലും എല്ലാം വിചാരിച്ചതിലും ഭംഗിയായി നടന്നു. എന്നാല്‍ ഫലഭാഗം നോക്കിയാല്‍ മുതിര്‍ന്ന ഉപാസകന്‍ പറഞ്ഞത്തിലും കാര്യമുണ്ട് എന്ന് ബോധ്യമാകും. വിശദ അംശങ്ങള്‍ ബ്ലോഗ്‌ ചെയ്യാം.

സത്യം ആണ് എന്ന് എനിക്ക് ബോധ്യപ്പെട്ടു. തുടര്‍ന്ന് ആയതിന്റെ പ്രസിദ്ധീകരണം വേണ്ടാ എന്ന് വയ്ക്കാന്‍ ഞാന്‍ പ്രേരിതനായി. അഭക്തന്മാരുടെയും അവിശ്വാസികളുടെയും കപടയോഗികളുടെയും  മുന്‍പില്‍ ദര്‍ശനം നല്‍കാന്‍ സ്വതവേ  വിമുഖത ഉള്ള  ദൈവങ്ങളെ വിശുദ്ധി കുറവായിട്ടുള്ള പൊതുവേദികളിലേക്ക് ആവാഹിച്ചു വരുത്തുന്നത് ഉചിതം ആയി തോന്നുന്നില്ല.    വൈദ്യുത ഉപകരണങ്ങള്‍ കൈകാര്യം ചെയ്യുന്ന ഒരു ഇലക്ട്രിഷന്‍റെ വിദഗ്ധത -ശ്രദ്ധയും ഏകാഗ്രതയും- ജൈവവൈദ്യുതി ആയിരിക്കുന്ന  ആന്തരികശക്തിയെ -ദേവീ ശക്തിയെ, പരാശക്തിയെ-കൈകാര്യം ചെയ്യുന്നവര്‍ക്കും ഉണ്ടാകേണ്ടത് ആണ്.

ആ പ്രഹരം ഒരു നല്ല പാഠം ആയി . അതിന്റെ പിന്നിലുള്ള ഉത്തമ താല്പര്യങ്ങള്‍ നിരീക്ഷിക്കാനും, അതനുസരിച്ചുള്ള നിലപാടുകള്‍ എടുക്കാനും തുടര്‍ന്ന് ശ്രദ്ധിച്ചു വരുന്നു.

Thursday 17 January 2013

The Temple Field

Reactions Challenged!
ഈ കൊടും ചതിക്ക് ഇരയായിട്ടുള്ളത് ശുദ്ധരായ മുതിര്‍ന്ന തലമുറയിലെ ശാന്തിക്കരാണ്. അഭ്യസ്തവിദ്യരായ ഇളം തലമുറയുടെ പ്രതികരണം എങ്ങനെ ആവുക സ്വാഭാവികമാണ്? - "നാം ആരാധനയൊന്നും ചെയ്യാന്‍ പാടില്ല. ചെയ്യുന്നതായി ഒരു തോന്നല്‍ ഉണ്ടാക്കുകയെ പാടുള്ളൂ."  


ദൈവത്തിനും ഒരുപക്ഷെ അതാവും ഇഷ്ടം. കാരണം യുദ്ധവും മതധര്‍മം ആണല്ലോ. അധര്‍മതിനു എതിരെ സന്ധിയല്ല യുദ്ധം തന്നെയാണ് മതം.

Tuesday 15 January 2013

Santhi

ഭഗവല്‍സേവകരായിരിക്കേണ്ട സന്ന്യാസിമാര്‍ ജന പ്രീണനാര്‍ത്ഥം മനുസ്മൃതി നിയമങ്ങളെ തന്ത്രപൂര്‍വ്വം തെറ്റിദ്ധരിപ്പിച്ച് സമൂഹത്തില്‍ ബ്രാഹ്മണവര്‍ഗ്ഗവിരോധവും അശാന്തിയും വളര്‍ത്തുന്നു.  

Monday 14 January 2013

മാങ്ങാനത്തപ്പന് സ്തുതി.


ക്ഷേത്രശാന്തിയുടെ സുഖം അറിയണം എങ്കില്‍ അത് വേണ്ടെന്നു വയ്ക്കണം. അപ്പോള്‍ അനുഭവപ്പെടുന്ന നിര്‍വൃതി ആണ് മോക്ഷം!  ആരോ സംശയം പോലെ ചോദിച്ചിരുന്നു. ക്ഷേത്രത്തില്‍ ഉപാസനയില്‍ അല്ലെ നിര്‍വൃതി എന്നും, നാട്ടുകാരോട് മല്ലിടുന്നതില്‍ അല്ലല്ലോ എന്നും. 

ഈ വേള പൂജയില്‍ ഞാന്‍ വളരെ വേഗം അനുഗ്രഹീതന്‍ ആയി. വലിയൊരു പാഠം മാങ്ങാനത്തപ്പന്‍ എന്നെ പഠിപ്പിച്ചു.  ക്ഷേത്രത്തില്‍ ഭഗവാനുതന്നെ ആയിരിക്കണം പ്രാധാന്യം നല്‍കേണ്ടത് എന്നതാണ് അത്.  

ഭക്തവേഷത്തില്‍ വരുന്ന ചട്ടമ്പികള്‍ക്കു ആണല്ലോ ഇപ്പോള്‍ എവിടെയും കൂടുതല്‍ പ്രാധാന്യം നല്‍കി വരുന്നത്. കസവു പുതച്ചും, പരുഷമായി നിരീക്ഷിച്ചും ഒരു നാമംപോലും ഉച്ചരിക്കാതെയും എന്തെങ്കിലും അങ്ങോട്ട്‌ പറഞ്ഞാല്‍ പുച്ചിച്ചും പിറുപിറുത്തും  തര്‍ക്കുത്തരം പറഞ്ഞും നടക്കുന്നവര്‍. 

അവരെ അവഗണിക്കണം. പണി പോയാലും വേണ്ടില്ല. അതൊരു ധര്‍മസമരം തന്നെ ആയിരിക്കും. ഫലം ഈശ്വരന്‍ തരും. ഞാന്‍ പലരോടും തുറന്നടിച്ചു, സൗഹൃദം വിടാതെതന്നെ. അതിന്റെ പൊരുള്‍ അവര്‍ കുറച്ചെങ്കിലും  മനസ്സിലാക്കിക്കാണും   എന്നു  വിചാരിക്കുന്നു.  പോരാത്തത് അനുഭവങ്ങള്‍ പഠിപ്പിക്കും. 

ഇന്ന് ഏതു മണ്ഡലത്തിലും ഹിന്ദു  മൂന്നാംനിരയിലേക്ക് പിന്തള്ളപ്പെടുന്നു. അവിടങ്ങളില്‍ ഒന്നും അവനു പ്രതീക്ഷ ഇല്ല അപ്പോള്‍ സമൂഹത്തില്‍ ആളുകളിക്കാന്‍ ഒരു രംഗം കണ്ടു. ക്ഷേത്രം. അവിടെ വന്നു ബ്രാഹ്മണരോട് മല്ലിടുക. ജയം സുനിശ്ചിതം. ദൈവത്തെ അങ്ങനെ കയ്യിലെടുത്താല്‍ പിന്നെ എല്ലാം കയ്ക്കലായി! 

പക്ഷെ   കുരുത്തംകെട്ടവര്‍ എവിടെ ചെന്നാലും നാശം! കുഞ്ചന്‍ നമ്പ്യാര്‍ പാടിയത് പോലെ "... നന്നായ് വരുമോ ദുരിതം ചെയ്‌താല്‍!"

Saturday 12 January 2013

ഒരു വലിയ സംശയം

ലൗകികബന്ധങ്ങള്‍ മായ ആണെന്നും അത് നശിക്കുന്നത് ആണെന്നും ഈശ്വരനുമായുള്ള ബന്ധം മാത്രം ആണ് ശാശ്വതം എന്നും ഉള്ള സിദ്ധാന്തം ആണ് ഒരു ഉത്തമഭക്തന്റെ മനസ്സിലെ ഉറച്ച ബോധ്യം. 

മായാബന്ധങ്ങള്‍ക്ക് അതീതമായ ഭക്തിയുടെ തലം വളരെ ഉയര്‍ന്നതാണ്.   അവിടെ ഭഗവാന്‍ അല്ലാതെ മറ്റൊന്നും ഇല്ല. അത്രയും ഉയര്‍ന്ന തലത്തിലേക്ക് എത്തുവാന്‍ നമ്മുടെ സാദാ ഭക്തി പോരാ.  

ഭക്തിക്കു വിപരീത ദിശയില്‍ ഉള്ള പ്രതിഷേധ ഭാവം മനസ്സില്‍ തോന്നിയാല്‍ പൂജ അല്ല, യുദ്ധം ആണ് കരണീയം. അങ്ങനെ ഒരു സാഹചര്യം സംജാതം ആയപ്പോള്‍ ക്ഷേത്രപൂജയില്‍ നിന്നും വിരമിക്കാന്‍ ഞാന്‍ ആഗ്രഹിച്ചു. എന്റെ ആഗ്രഹം ശരിയായത് ആണെന്ന് നരസിംഹമൂര്‍ത്തിക്ക് തോന്നി. ഞാന്‍ ഇപ്പോള്‍ തല്‍ക്കാലം സ്വതന്ത്രന്‍ ആയിരിക്കുന്നു. 

ഇനി എഴുത്തില്‍ പഴയത് പോലെ ആക്റ്റീവ് ആകണം എന്ന് കരുതുന്നു. ഒരു പുനര്‍ജ്ജന്മം പോലെ. ഇപ്പോള്‍ വയ്യ. എല്ലാം അബ്നോര്‍മല്‍ ആയിരിക്കുകയാണ്. മാനസിക അവസ്ഥയും.  കായിക അവസ്ഥയും ശ്വാസചംക്രമണം പോലും. എഴുതാന്‍ ഏറെയുണ്ട്. പക്ഷെ ഒന്നും ഇപ്പോള്‍ തോന്നുന്നില്ല. ശൂന്യാകാശം പോലെ മനസ്സ്. 

ഇങ്ങനെയാണ് എന്റെ പൂജ. കുറെ ദിവസം ചെയ്യും. മടുക്കുമ്പോള്‍  സ്വയം മതിയാക്കും.  ക്ഷേത്രരംഗത്തെ അശാസ്ത്രീയതകള്‍ ആണ് മടുപ്പിന് പിന്നില്‍. അതൊന്നും പറയാന്‍ അവസരമില്ല.   

ഇപ്പോള്‍ ഒരു വലിയ സംശയം കൂടി ഉണ്ടായിരിക്കുന്നു. ഭക്തജനങ്ങളോട് ചില്ലറ അഭിപ്രായ വ്യത്യാസം തോന്നാറുണ്ട്  അവരെ സുഹൃത്തുക്കള്‍ ആയും ബന്ധുക്കള്‍ ആയും ആയിരുന്നു കരുതിയത്‌. ഇപ്പോള്‍ തോന്നുന്നു അവര്‍ ബ്രാഹ്മണരുടെ ബദ്ധശത്രുക്കള്‍ ആണ് എന്ന്.  അല്ല എങ്കില്‍ അതിനു എന്താണ് തെളിവ്? 

Saturday 5 January 2013

Protest

ഈശ്വരപൂജ ജനസേവനം അല്ല. അത് തികച്ചും വ്യക്തികളുടെ സ്വകാര്യത ആണ്. ക്ഷേത്രങ്ങളിലും മുന്‍പ് അങ്ങനെ ആയിരുന്നു.

പിന്നീട് രാഷ്ട്രീയപരവും കച്ചവടപരവും ആയ താല്പര്യങ്ങള്‍ കൂടുതല്‍ ഉള്ള ജനവിഭാഗം ക്ഷേത്രങ്ങളെ പിടിച്ചെടുത്തു ബ്രാഹ്മണരെ അവരുടെ പാട്ടിലാക്കി. വരുതിയിലും നിയന്ത്രണത്തിലും. ഇപ്പോള്‍ സ്വന്തം ആള്‍ക്കാരെ ഉപയോഗിച്ച് അവരെ പുറംതള്ളാന്‍ ഉള്ള ഉള്ളിലിരുപ്പ് പുറത്തായി. 


ഇന്ന് ക്ഷേത്രങ്ങളില്‍ പൂജ ഒരു പ്രഹസനവും ആള്‍ക്കൂട്ടത്തെ ആകര്‍ഷിക്കാനുള്ള ഉപായവും ഒക്കെ ആയി മാറിയിരിക്കുന്നു. ഈശ്വരോപാസനയ്ക്കു പ്രാധാന്യം കല്പിക്കുന്ന ഒരു പൂജാരിക്ക് പലപ്പോഴും യോജിക്കാന്‍ ആവാത്ത സാഹചര്യങ്ങള്‍ ക്ഷേത്രങ്ങളില്‍ ഉണ്ടാവുക ഇന്ന് വളരെ സാധാരണം ആണ്. ഏതു സാഹചര്യത്തിലും പരാതിയും പരിഭവവും പറയാതെ പൊരുത്തപ്പെട്ടു പോരുകയാണ് ശാന്തിക്കാരും തന്ത്രിമാറും ഒക്കെ. അത് അവരുടെ ഒരു കടമ പോലെ ആയിരിക്കുന്നു. 

എന്നാല്‍ ക്ഷേത്ര സാഹചര്യം പിന്നെയും മാറിയിരിക്കുകയാണ്. ഹിന്ദുക്കളിലെ ഭൂരിപക്ഷ ജനവിഭാഗത്തിന്റെ ഇച്ഛാശക്തി ഇയ്യിടെ പെരുന്നയില്‍ പ്രകടമാവുക ഉണ്ടായി. അവര്‍ ബ്രാഹ്മണരെ ചൂഷകര്‍ ആയി കാണാന്‍ തുടങ്ങിയിരിക്കുന്നു. ഈ സാഹചര്യത്തില്‍ ക്ഷേത്രങ്ങളില്‍ നിന്നും വിട്ടുനില്‍ക്കേണ്ടത് ആത്മാഭിമാനസംരക്ഷണത്തിന് ആവശ്യം ആയിരിക്കുന്നു. 

ആകയാല്‍ ആക്ഷേപം ഉന്നയിച്ചവരുടെ നേരിട്ടുള്ള ഭരണത്തില്‍ ഉള്ള ക്ഷേത്രത്തില്‍ അല്ല ഞാന്‍ ഇപ്പോള്‍ പോവുന്നത് എങ്കിലും, ആ ക്ഷേത്രത്തിന്റെ പ്രയോജനം അനുഭവിക്കുന്നത് മുഖ്യമായും അവരുടെ ആളുകള്‍ ആകയാല്‍, അങ്ങനെ ഒരു സേവനം ചെയ്യുന്നത് അനുചിതം ആയും അസ്ഥാനത്ത് ആയും കാണപ്പെടുന്നു. എത്ര അധികം താല്പര്യത്തോടെ ആണ് ഞാനിതു ചെയ്തു വരുന്നത് എന്ന് പല ബ്ലോഗുകളില്‍നിന്നും വ്യക്തം ആണ്. എങ്കിലും വിട്ടു നില്‍ക്കുന്നതാണ് കൂടുതല്‍ ശരി എന്ന് വന്നിരിക്കുന്നു. ആകയാല്‍ 3-4 ദിവസത്തിനുള്ളില്‍ ഞാന്‍ മാങ്ങാനം നരസിംഹസ്വാമിക്ഷേത്രം വിടും. 

ഭക്തിയെക്കാള്‍ പ്രതിഷേധം അധികം ഉള്ള ആളാണ്‌ ഞാന്‍. ഭക്തിയും ബ്രഹ്മത്വവും ഉള്ള നായന്മാര്‍ ഉത്തമ ബ്രാഹ്മണര്‍ ആയി മുന്നോട്ടു വരട്ടെ.