Wednesday 23 January 2013

ദേവീമാഹാത്മ്യം


വിദ്യാ സമസ്താസ്തവ ദേവി ഭേദാ: 
സ്ത്രിയ: സമസ്താ സകലാ ജഗല്സു
ത്വയൈകയാ പൂരിതം അംബ, ഏതത്
കാ തേ സ്തുതി സ്തവ്യ പരാപരോക്തി? 
(ദേവീമാഹാത്മ്യം)

  •  ഈ ലോകത്തിലെ വിവിധവിദ്യകള്‍ ദേവിയുടെ പ്രകാരഭേദങ്ങള്‍ ആകുന്നു. അതുപോലെ എല്ലാ സ്ത്രീകളും ദേവിയുടെ ശക്തി സ്വരൂപങ്ങള്‍ ആകുന്നു. ഈ ലോകത്തില്‍ എല്ലാ വസ്തുക്കളും ആ പരാശക്തിയെക്കൊണ്ട് നിറഞ്ഞു ഇരിക്കുന്നു. അങ്ങനെ ഉള്ള ആദിപരാശക്തിയെ ആര് സ്തുതിക്കും? എങ്ങനെ സ്തുതിക്കും? സ്തുതിപ്പാന്‍ ഏതു വാക്ക് ഉപയോഗിക്കും? വാക്കുകള്‍ പോലും ശക്തിയുടെ സ്വന്തം ആണ് എന്ന് അര്‍ഥം.
  •  ഇത് ദേവീമാഹാത്മ്യത്തിലെ പ്രസിദ്ധം ആയ ശ്ലോകം ആണ്. ദേവീകൃപകൊണ്ട് അതിലെ മുഴുവന്‍ ശ്ലോകങ്ങളും (700) മലയാളത്തിലേക്ക് പരിഭാഷ ചെയ്യാന്‍ സാധിച്ചിട്ടുണ്ട്. പൂര്‍ണം ആയ പരിഭാഷ എന്നല്ല പൂര്‍ണം ആയ മൂലം പോലും ഇന്ത്യയിലുടനീളം അന്വേഷിച്ചിട്ട് തനിക്കു കിട്ടിയിട്ടില്ല എന്ന് കണ്ടിയൂര്‍ മഹാദേവ ശാസ്ത്രികള്‍ അദ്ദേഹത്തിന്റെ വിവര്‍ത്തനത്തില്‍ പറയുന്നു. സമ്പൂര്‍ണ വിവര്‍ത്തനം തയ്യാറാക്കാന്‍ അതും എനിക്ക് പ്രചോദനം ആയി. എന്നാല്‍ പന്തീരാണ്ടു കഴിഞ്ഞിട്ടും അത് ഇതുവരെ അച്ചടിച്ചു പ്രസിദ്ധീകരിക്കാന്‍ ആയിട്ടില്ല. 
    രണ്ടു കൊല്ലം മുന്‍പ് സപ്താഹയജ്ഞരൂപത്തില്‍ അതൊരു ദേവീക്ഷേത്രസന്നിധിയില്‍ പ്രകാശിപ്പിച്ചു. അതരുതെന്നു ചില മുതിര്‍ന്ന ഉപാസകര്‍ വിലക്കിയിരുന്നു. എങ്കിലും എല്ലാം വിചാരിച്ചതിലും ഭംഗിയായി നടന്നു. എന്നാല്‍ ഫലഭാഗം നോക്കിയാല്‍ മുതിര്‍ന്ന ഉപാസകന്‍ പറഞ്ഞത്തിലും കാര്യമുണ്ട് എന്ന് ബോധ്യമാകും. വിശദ അംശങ്ങള്‍ ബ്ലോഗ്‌ ചെയ്യാം.

സത്യം ആണ് എന്ന് എനിക്ക് ബോധ്യപ്പെട്ടു. തുടര്‍ന്ന് ആയതിന്റെ പ്രസിദ്ധീകരണം വേണ്ടാ എന്ന് വയ്ക്കാന്‍ ഞാന്‍ പ്രേരിതനായി. അഭക്തന്മാരുടെയും അവിശ്വാസികളുടെയും കപടയോഗികളുടെയും  മുന്‍പില്‍ ദര്‍ശനം നല്‍കാന്‍ സ്വതവേ  വിമുഖത ഉള്ള  ദൈവങ്ങളെ വിശുദ്ധി കുറവായിട്ടുള്ള പൊതുവേദികളിലേക്ക് ആവാഹിച്ചു വരുത്തുന്നത് ഉചിതം ആയി തോന്നുന്നില്ല.    വൈദ്യുത ഉപകരണങ്ങള്‍ കൈകാര്യം ചെയ്യുന്ന ഒരു ഇലക്ട്രിഷന്‍റെ വിദഗ്ധത -ശ്രദ്ധയും ഏകാഗ്രതയും- ജൈവവൈദ്യുതി ആയിരിക്കുന്ന  ആന്തരികശക്തിയെ -ദേവീ ശക്തിയെ, പരാശക്തിയെ-കൈകാര്യം ചെയ്യുന്നവര്‍ക്കും ഉണ്ടാകേണ്ടത് ആണ്.

ആ പ്രഹരം ഒരു നല്ല പാഠം ആയി . അതിന്റെ പിന്നിലുള്ള ഉത്തമ താല്പര്യങ്ങള്‍ നിരീക്ഷിക്കാനും, അതനുസരിച്ചുള്ള നിലപാടുകള്‍ എടുക്കാനും തുടര്‍ന്ന് ശ്രദ്ധിച്ചു വരുന്നു.

No comments:

Post a Comment