ചിന്ത ചെയ്യുമ്പോൾ അതിൽ വാക്കുകൾക്കു സ്ഥാനമില്ല. ആശയം മാത്രമേ ഉളളൂ. എഴുത്തില്ല.
ചിന്തയെ ഉറപ്പിക്കുന്നതിനും, പകരുന്നതിനും മാത്രമേ വാക്കുകളുടെ സഹായം വേണ്ടൂ.
ചിന്താവിഷയം ഈശ്വരൻ മാത്രം ആയിരിക്കുന്ന അവസ്ഥ ഉണ്ടായാൽ അത് ഏകാന്ത തപസ്സ് ആകുന്നു. അതിലേക്കായി ഇതര ചിന്താവിഷയങ്ങളെ ഓരോന്നായി ത്യജിക്കേണ്ടി വരുന്നു.
തപസ്സ് ആണ് ഹിന്ദുമതവിശ്വാസപ്രകാരം ഉള്ള ഏറ്റവും ഉത്തമം ആയ കർമം. അസുരന്മാർപോലും തപസ്സിനെ ആശ്രയിക്കുന്നു. തപസ്സിൽ വിശ്വസിക്കുന്നു.
ഈ കലികാലത്തിന്റെ ഒരേയൊരു മേന്മ ഇത് തപസ്സിനും മോക്ഷപ്രാപ്തിക്കും ഏറ്റവും അനുയോജ്യം ആണ് എന്നാതാണ്. മുന് യുഗങ്ങളിലെ പോലെ യാഗമോ യജ്ഞാമോ ഒന്നും കൂടാതെ കേവലം നാമജപം ഈശ്വരവിചാരം ഇവയിലൂടെ മോക്ഷപദം നേടാം എന്നാണു പൗരാണികർ ആയ ഗുരുജനങ്ങൾ തറപ്പിച്ചു പറഞ്ഞിട്ടുള്ളത്.
പക്ഷെ മോക്ഷം അർഥിക്കുന്നവൻ ആയിരിക്കണം. ബന്ധം അർഥിക്കുന്നവരാണ് ഇന്ന് അധികവും. ബന്ധം മോക്ഷത്തിനു പ്രതിബന്ധം ആണ്. അത് കൊണ്ട് സർവ ശക്തനായ ഈശ്വരനെ മാത്രം ബന്ധു ആയി വിചാരിക്കുക.
സുഖയാത്രയ്ക്ക് ലഗേജ് കുറഞ്ഞിരിക്കണം എന്നൊരു ചൊല്ലുണ്ടല്ലൊ. അന്യ വിഷയങ്ങളുടെ ചിന്തയാണ് ലഗേജ്. ചിന്താധാരയിൽനിന്നും അന്യവിഷയങ്ങളെ ഒഴിവാക്കുന്തോറും ഈശ്വരചിന്തയുടെ വിശുദ്ധി കൂടിവരും. ഇതുകൊണ്ടാണ് ദൈവിക ജീവിതം നയിച്ചിരുന്നവർ സമൂഹവും ആയുള്ള കൂട്ടുകെട്ടുകൾ ലഘുകരിച്ചിരുന്നത്.
അവരുടെ ഉദ്ദേശശുദ്ധി തിരിച്ചറിഞ്ഞ ആത്മീയവിവേകം അഥവാ തിരിച്ചറിവ് ഉള്ള ഭരണകർത്താക്കൾ അവരുടെ പരിരക്ഷ ഉറപ്പുവരുത്തിയിരുന്നു. എന്നാൽ ഇന്ന് ആത്മീയ വിവേകം ഭരണകർത്താക്കൾ ഉപേക്ഷിച്ച മട്ടാണ്. ആകയാൽ ഈ അവസരം കുറ്റവാളികൾ നന്നായി വിനിയോഗിക്കുന്നു.
കുറ്റവാളികൾ ഈശ്വരചിന്ത ചെയ്യുന്നത് അവര്ക്കുവേണ്ടി മാത്രം. മറ്റുള്ളവരുടെ അനുഗ്രഹഫലങ്ങളെ തട്ടിച്ചു എടുക്കുന്നത് വലിയ മിടുക്കായി കരുതും. അതാണ് അസുരപരമ്പരകളുടെ രീതി.
ഹിന്ദുക്കളിൽ ഭൂരിപക്ഷവും ഇന്ന് ആസുരികമാർഗങ്ങളിൽ പ്രവർത്തിക്കുന്നു. പുറമേ ദൈവികപരിവേഷവും. ഇത് അസുര സംസ്കാരത്തിനുപോലും നാണക്കേടാണ്.
അശോകവനത്തിൽ സീതയെ വശീകരിക്കാൻ എല്ലാ വിദ്യയും പ്രയോഗിച്ചു പരാജിതനായ രാവണൻ ശ്രീ രാമന്റെ വേഷം കെട്ടാൻ ഒരിക്കലും തയ്യാറായില്ലല്ലൊ.
വിഷ്ണുവിനെ സ്മരിച്ചാൽ പോലും മോക്ഷം കിട്ടിപ്പോയെങ്കിലോ എന്ന വിവേകം കലര്ന്ന ഭയം അല്ലെ ഇതിനു പിന്നിൽ?
"യസ്യ സ്മരണമാത്രേണ ജന്മസംസാര ബന്ധനാൽ
വിമുച്യതെ നമസ്തസ്മൈ വിഷ്ണവേ പ്രഭ വിഷ്ണവേ!"
Excellent.
ReplyDelete