Saturday 29 September 2012

ഏകലവ്യം

post inspired by 
ഏകലവ്യം

ഛേദിക്കപ്പെട്ട പെരുവിരല്‍
നീയെടുത്തു കൊള്ളുക...
അപൂര്‍ണ വിദ്യയുടെ
ബാക്കിയാണിത്‌...
പൂര്‍ണത തേടി
അലഞ്ഞവന്റെ
കറുത്ത വേദം...
വാക്കുകളുടെ
അസ്‌ത്ര മൂര്‍ച്ചക്ക്‌ മുമ്പില്‍
മൂര്‍ച്ഛിച്ചു വീണ
എന്റെ കിനാവുകള്‍..

------------------------------------------------------------------------------------------------------
ഗുരുവിന്റെ അനുഗ്രഹം ഉണ്ടായാലേ ഏതൊരു വിദ്യയും അതിന്റെ പൂര്‍ണമായ ഫലത്തെ പ്രാപിക്കൂ എന്നത് ഭാരതീയം ആയ ഒരു ഉന്നത ആദര്‍ശവും, ദാര്‍ശനിക തത്ത്വവും ആണ്. മറ്റു ദ്രവ്യങ്ങള്‍ തട്ടി എടുക്കുംപോലെ വിദ്യയും സാങ്കേതികം ആയി ആര്‍ക്കും തട്ടി എടുക്കാമല്ലോ. എന്നാല്‍ അത് ശാശ്വതം ആവില്ല എന്നു അപഹര്ത്താക്കളെ ഭീഷണിപ്പെടുത്തുന്ന ധാര്‍മികം ആയ സന്ദേശം ആണ് ഏകലവ്യന്റെ കഥയില്‍ ഉള്ളത്.  

വിദ്യകള്‍ ഗുരു മുഖത്ത് നിന്ന് നേരിട്ട് വേണം ഗ്രഹിക്കാന്‍. ഗുരുവിന്റെ സംമതവും അനുഗ്രഹവും കൂടാതെ നേടിയാല്‍ അത്  വിഫലമാവും എന്നതിന്റെ ശുഭ സൂചനയാണ് ഏകലവ്യന്റെ കഥയില്‍.  അതിനെ ദുര്‍വ്യാഖ്യാനം ചെയ്തു സെന്റിമെന്റ്സ് അടിച്ചെടുക്കുന്ന ശ്രമങ്ങള്‍ക്ക് ആണ് ഇന്നിവിടെ മാധ്യമങ്ങളില്‍ പ്രചാരം കിട്ടുന്നത്. 

മാധ്യമം എന്ന് വച്ചാല്‍ മധ്യമസംസ്കാരത്തെ പ്രചാരണത്തിലൂടെ ഉത്തമം എന്ന് തോന്നിപ്പിക്കുന്ന കൃത്രിമസങ്കേതം.  അച്ചടി മാധ്യമങ്ങളിലൂടെ സത്യധര്മങ്ങള്‍ പ്രചരിപ്പിക്കുക എളുപ്പമല്ല. അവ മാധ്യമങ്ങളിലൂടെ പ്രച്ചരിപ്പിച്ചല്ല, ജീവിതത്തിലൂടെ ആചരിച്ചു ആണ് പൂര്‍വികര്‍ മാതൃക കാണിച്ചിട്ടുള്ളത്.  ജീവിതം തന്നെ ആണ് ഏറ്റവും ശക്തം ആയ പ്രചാരണ മാധ്യമവും! 

പക്ഷെ അതിനെ വ്യവസായ പ്രലോഭിതര്‍ ആയ പത്രങ്ങള്‍ പോലെ ഉള്ള മാധ്യമങ്ങള്‍ പലപ്പോഴും  തമസ്കരിക്കുന്നു, ഇരുട്ടിലാക്കുന്നു. തന്മൂലം സമൂഹത്തില്‍ ധാര്‍മിക പ്രശ്നങ്ങള്‍ ഉടലെടുക്കുന്നു. ഇപ്പോള്‍ ആയതു രൂക്ഷം ആവുകയാണ്. ധര്‍മത്തിന് ക്ഷയം ഉണ്ടാവുമ്പോള്‍ അവിടെ ഭഗവാന്‍ നേരിട്ട് ഇടപെടും എന്നാണല്ലോ. (യദാ യദാ ഹി ധര്‍മസ്യ.... തദാ ആത്മാനം സൃജാമ്യഹം - ഗീത)  

സ്വതന്ത്ര മാധ്യമം ആയ ഇന്റര്‍നെറ്റ് അങ്ങനെ ഒരു സങ്കേതം അല്ലെ? ആണ് എന്നതില്‍ എനിക്ക് സംശയമില്ല.  മറ്റു മാധ്യമങ്ങള്‍ക്ക് തൊടാന്‍ ആവാത്ത പല വിഷയങ്ങളും നാം നെറ്റിലൂടെ നന്നായി ചര്‍ച്ച ചെയ്യുന്നു. സൌഹൃദങ്ങളുടെ രൂപീകരണത്തിനും ഇത് ഏറ്റവും പ്രയോജനകരമാണല്ലോ!    പ്രയോജനപ്പെടുത്താവുന്നതാണ്. 

Wednesday 26 September 2012

ഒരു ദൈവിക അനുഭവം

ഈശ്വര വിചാരം എന്ന ഈ പരിശുദ്ധമായ ചിന്താധാരയില്‍  "എവിടെ എന്റെ ശക്തി"  എന്ന ബ്ലോഗ്‌ ദേവീ നാമത്തില്‍ സമര്‍പ്പിച്ച ദിവസം ഒരു സംഭവം ഉണ്ടായി. ഞാന്‍ താമസിക്കുന്ന സ്ഥലത്തിന് കുറച്ചു അകലെയായി ഒരു പുരാതനമായ വനദുര്‍ഗാക്ഷേത്രം ഉണ്ട്. വടക്ക് അങ്കമാലി യില്‍ ഉള്ള ഒരു ഇല്ലം വക ആണ് ക്ഷേത്രം. ഇപ്പോള്‍ ഭരണം നടത്തുന്നത് ശ്രീ നാരായണ ഗുരുവിന്റെ ആളുകള്‍ ആണ്. അവര്‍ ഇവിടെ വന്നു. അടിയന്തിര സഹായം ആവശ്യപ്പെട്ടുകൊണ്ട്. അവരുടെ ശാന്തിക്കാരന് എന്തൊക്കെയോ ആരോഗ്യ പ്രശ്നങ്ങള്‍ ആണെന്നും, വയ്യെന്ന് പറഞ്ഞെന്നും എത്രയും പെട്ടെന്ന് മറ്റൊരാളെ ആക്കണമെന്നും ഒക്കെ പറഞ്ഞു.

ഞാന്‍ വളരെ നല്ല രീതിയില്‍ അവരോടു ചോദിച്ചു. നിങ്ങളുടെ ആള്‍ക്കാര്‍ ഇപ്പോള്‍ ധാരാളം ആയി പഠിച്ചു നല്ല ബ്രാഹ്മണര്‍ ആയിട്ടുണ്ടല്ലോ. പലരും പൂജാ ക്ലാസ്സുകള്‍ മുതല്‍ തന്ത്ര വിദ്യാ പീഠങ്ങള്‍ വരെ ലാഭകരമായി നടത്തുന്നുണ്ട്. തന്നെയല്ല , ഹിന്ദു സംഘടനകളും ഡോക്ടര്‍ ഗോപാല കൃഷ്ണനെ പോലെ പ്രഗല്‍ഭരായ മത ചിന്തകരും ഒക്കെ പറയുന്നത് നമ്പൂരിമാര്‍ ബ്രാഹ്മണര്‍ അല്ല എന്നാണു. അതായത് നമ്പൂതിരിമാര്‍ അനധികൃതം ആയി ബ്രാഹ്മണര്‍ 
ചമയുകയാണ് എന്ന്. അത് ശരിയാണെന്ന് ഇവിടുത്തെ വിദ്യാഭ്യാസം ഉള്ള ബ്രാഹ്മണര്‍ അടക്കം ഏതാണ്ട് മുഴുവന്‍ ഹിന്ദുക്കളും വിശ്വസിക്കുന്നു. മറിച്ചു പറയാന്‍ ഒരു കുഞ്ഞിനേയും കിട്ടില്ല. അഥവാ പറഞ്ഞാല്‍ അവനെ അടിച്ചൊതുക്കും.  

ഇതാണ് ഹിന്ദുക്കളുടെ ഇന്നത്തെ പൊതുവായ ചിന്ത. 
 അത് വെച്ച് നോക്കിയാല്‍ ഞാനും   ബ്രാഹ്മണന്‍  അല്ല.  അതിനാല്‍ ഞാന്‍ ഇതുവരെ പരിശീലിച്ചു പോന്ന ശാന്തിമാര്‍ഗം ഉപേക്ഷിച്ചു വെറുമൊരു കൃഷിക്കാരന്‍ മാത്രം ആയിരിക്കുകയാണ്. അതിനാല്‍ എനിക്ക് സഹകരിക്കാന്‍ ആവില്ല എന്ന് സന്തോഷത്തോടെ തുറന്നു പറഞ്ഞു.  അങ്ങനെ ഒഴിവാകാന്‍ നോക്കിയെങ്കിലും അവര്‍ ഒഴിഞ്ഞു  പോകുന്നില്ല. ഒരു മാസം എങ്കിലും സഹകരിക്കണം അതല്ലെങ്കില്‍ ഉടനെ വരുന്ന സപ്താഹം തീരുന്നത് വരെ എങ്കിലും നില്‍ക്കണം എന്നൊക്കെ ആയി. ഒടുവില്‍ ആലോചിച്ചു പിന്നെ പറയാം എന്ന് പറഞ്ഞു അവരെ പറഞ്ഞു വിട്ടു. രാത്രി തന്നെ അവര്‍ വിളിച്ചു. എന്ന് വരും എന്ന് ചോദിച്ചു കൊണ്ട്.  എനിക്ക് പെട്ടെന്ന് അവരെ മുഷിപ്പിക്കാന്‍ തോന്നിയില്ല "നാളെ വരാം" എന്ന് പറഞ്ഞു.

അങ്ങനെ ഇന്ന് രാവിലെ അവിടെ പോയി. കുറെ കാലം കൂടിയാണ് ഒരു ക്ഷേത്രത്തില്‍ പോവുന്നത്. ആകയാല്‍ മാനസികം ആയി അതൊരു നല്ല അനുഭവം ആയി. അവിടെ കണ്ട എല്ലാവരും ആയും ചെറിയ തോതില്‍ ആയാലും ആശയ വിനിമയം നടത്താന്‍ സാധിച്ചു. അത് മറ്റൊരു അനുഭവം ആയി. ശാന്തിക്കാരനും കഴകക്കാരനും ആയി സംസാരിച്ചതില്‍ നിന്നും കുറെ കാര്യങ്ങള്‍ അറിയാന്‍ സാധിച്ചു.  അതെല്ലാം കേട്ടപ്പോള്‍ ഒന്ന് കൂടി നന്നായി തൊഴുതു പോന്നു. ശാന്തിക്കാരന്‍ അറിയാതെ ആണത്രേ അവര്‍ മറ്റൊരാളെ തേടി ഇറങ്ങിയത്‌ ! 


ഇനി അവിടെ പോവാന്‍ ആഗ്രഹം ഒട്ടും ബാക്കിയില്ല.  കമ്മറ്റി ഓഫീസിലും പറഞ്ഞിട്ടാണ് പോന്നത്. "ഇനി ഇതുപോലെ ആവശ്യങ്ങള്‍ വന്നാല്‍ മേലാല്‍ നിങ്ങള്‍ ദയവു ചെയ്തു നമ്പൂരിമാരെ തേടി നടക്കരുത്. നിങ്ങളുടെ ഗുരുദേവന്‍ പറഞ്ഞത് ഓര്‍ക്കുക  ഒരു ജാതി ഒരു മതം ഒരു ദൈവം. അതല്ലേ ശരി?".  അവര്‍ക്ക് പറയാന്‍ ഒന്നും ഇല്ലായിരുന്നു. 

ഡോക്ടര്‍ ഗോപാല കൃഷ്ണനെ പോലെ ഉള്ള ഹിന്ദു തത്വ ശാസ്ത്രജ്ഞന്‍മാരുടെ പ്രഭാഷണം കേട്ടാല്‍ നമ്പൂതിരിമാര്‍ ക്ഷേത്ര സേവനം അതോടെ മതിയാക്കും. ചെറുകിട ക്ഷേത്രങ്ങള്‍ ഇപ്പോള്‍ ശാന്തിക്ക് ആളെ കിട്ടാതെ വലയുകയാണ്. ജനങ്ങളുടെ വരവും കുറഞ്ഞിരിക്കുന്നു. വരുമാനം പലടത്തും ഒരു ജാട പറച്ചില്‍ മാത്രം. ആകെപ്പാടെ ജാടയുടെ ഒരു പച്ചയെ ഉള്ളൂ.   

ദേവിയെ പറ്റി അന്വേഷിച്ച ഉടനെ ദേവീക്ഷേത്രത്തില്‍ നിന്ന് ആള് വന്നത് ഒരു ശുഭ ലക്ഷണം എന്ന് തോന്നിയത് കൊണ്ടാണ് ഇത് ഇവിടെ എഴുതിയത്.   വലിയ ഒരു സന്ദേശം അവിടെ കൊടുക്കാന്‍ സാധിച്ചതിന്റെ സംതൃപ്തി ഉണ്ട്. ഒരു നൂറ്റാണ്ടോളം ആയി ഹിന്ദു സമൂഹം നടത്തി വരുന്ന systematic nampoothiri torture ന്റെ അനന്തര ഫലം ഇപ്പോള്‍ ചെറുകിട ക്ഷേത്രങ്ങള്‍ നന്നായി അനുഭവിക്കുന്നുണ്ട്.  വര്‍ഗഹിംസകരെ വാഴ്ത്തുന്ന മതം നശിക്കുന്നതിനു അന്യ മതസ്ഥര്‍ ആണോ ഉത്തര വാദികള്‍? ഇങ്ങനെ ഉള്ള സമൂഹ ചിന്തകള്‍ എന്റെ ഈശ്വരവിചാരത്തെ മുടക്കുന്നു. ഒരു നിരീശ്വര വാദി ആവുകയോ ഭേദം എന്ന് തോന്നിപ്പോകുന്നു. പുരാണ ഗ്രന്ഥങ്ങളുടെ പ്രചാരകനാവാന്‍ കഴിയാതെ വരുന്നതും ഇത്തരം ദുരനുഭവങ്ങളെക്കൊണ്ടാണ്. 
വിളിച്ചു വരുത്തി അത്താഴം ഇല്ല എന്ന് പറയുമ്പോലെ ആയില്ലേ ഈ ദൈവിക അനുഭവം?

Saturday 22 September 2012

ക്രോധരൂപ

അങ്കുശം എന്ന വാക്കിനു തോട്ടി എന്നര്‍ത്ഥം. ക്രോധം ആകുന്ന അങ്കുശം ദേവിയുടെ ആയുധങ്ങളില്‍ പെടുന്നു. അതുപോലെ രാഗം ആകുന്ന പാശം ഉപയോഗിച്ചും ആ മഹാമായാ മഹാവിഷ്ണുവിനെ വരെ ബന്ധിക്കുന്നു.  

Wednesday 19 September 2012

അമ്മേ ഭഗവതി!



സര്‍വേഷാം അപി ഭൂതാനാം 
ഭുക്തിമുക്തിപ്രദായിനി !
സര്‍വദുഃഖഹരേ ദേവി
നാരായണി നമോസ്തുതേ!!
-ദേവീ മാഹാത്മ്യം