Wednesday, 31 October 2012

പൊന്നരികുളം വനദുര്‍ഗാക്ഷേത്രം വെള്ളൂര്‍

വെള്ളം ജടാന്തേ ബിഭ്രാണം 
"വെള്ളിമാമല വിഗ്രഹം. 
വെള്ളൂരമര്‍ന്ന  ഗൌരീശം 
ഉള്ളിലമ്പൊടു     ചിന്തയേ !"

വെള്ളൂരമര്‍ന്ന  ഗൌരീശം - കോട്ടയം വെള്ളൂരില്‍ ഒരു പുരാതനമായ ശിവക്ഷേത്രമുണ്ട്. ചെറുതൃക്കോവില്‍. മലയാളത്തിലെ സംസ്കൃത പഠിതാക്കള്‍ ആദ്യം പഠിക്കുന്ന വന്ദനശ്ലോകം ആണിത്. ബാലപ്രബോധനത്തില്‍. കര്‍ത്താവ്‌ കര്‍മം വിഭക്തി തുടങ്ങിയ വ്യാകരണ നിയമങ്ങള്‍ സരളമായി പ്രതിപാദിക്കുന്ന മണിപ്രവാള സാഹിത്യം ആണ് ബാലപ്രബോധനം.  

"കര്തൃ കര്‍മ ക്രിയാ ഭേദം 
വിഭക്ത്യർത്ഥാന്തരങ്ങളും 
ഭാഷയായിട്ടു ചൊല്ലുന്നേന്‍ 
ബാലന്മാരറിവാനഹം  !"

അതിലെ  ഒടുവിലത്തെ ശ്ലോകം തീരുന്നത് ഇങ്ങനെ. "നവാരണ്യമഹീദേവകൃതിരേഷാ വിരാജതെ." നവാരണ്യമഹീദേവന്‍ എന്ന് signature ചെയ്തിരിക്കുന്നത് പുതുശ്ശേരി നമ്പൂതിരിയുടേത് ആണ്. പുതുശ്ശേരി ഇല്ലം പ്രസ്തുതക്ഷേത്രത്തിനു സമീപത്തുണ്ട്. ഇല്ലം വക ശിവക്ഷേത്രത്തില്‍ ഇപ്പോള്‍ പുനരുദ്ധാരണ ക്രിയകള്‍ നടക്കുന്നു. അവരുടെ തന്നെ ഊരാന്മയില്‍ സമീപത്തുള്ള മറ്റൊരു ക്ഷേത്രം ആണ് പൊന്നരികുളം വനദുര്‍ഗാക്ഷേത്രം.  നാട്ടുകാരുടെ സമിതിയാണ് നടത്തിപ്പ്.

ക്ഷേത്രഐതീഹ്യം അടങ്ങുന്ന പുസ്തകം തിടപ്പള്ളിയില്‍ സൂക്ഷിച്ചിരുന്നത് കൊണ്ട് മാറിമാറി വരുന്ന ശാന്തിക്കാര്‍ക്ക് ആയതു അറിയാന്‍ ഒരു എളുപ്പ വഴി ആകും. ദേവിയുടെ സരസ്വതീഭാവത്തെ പറ്റി അതിലും പറയുന്നുണ്ട്.  ദേഹശക്തിയെ അപേക്ഷിച്ച് ബുദ്ധിശക്തി അഥവാ മേധാശക്തി കൂടിയ അവസ്ഥ ആണല്ലോ സരസ്വതീ ഭാവം. അങ്ങനെ സാത്വികമായ ഒരു നവോന്മേഷം പൂജയ്ക്കായി ചെന്നപ്പോള്‍ എനിക്ക് അനുഭവിക്കാന്‍ കഴിഞ്ഞിട്ടുണ്ട്.

എഴുതി പത്തു കൊല്ലം ആയിട്ടും വെളിച്ചം കാണിക്കാന്‍ കഴിയാതെ പോയ "ദേവീമാഹാത്മ്യം" വിവര്‍ത്തനം ദേവിക്ക് സമര്‍പ്പണം ആയി സപ്താഹ യജ്ഞ രൂപത്തില്‍ അവതരിപ്പിക്കണം എന്ന എളിയ അഭിപ്രായം എനിക്ക് തോന്നി. എന്നാല്‍ അങ്ങനെ ഒരു കീഴ്പതിവ് ഇല്ലാത്തതിനാല്‍ അങ്ങനെ ചെയ്യാന്‍ പാടുണ്ടോ എന്ന് മാല കെട്ടുന്ന വാരസ്യാരോ  മറ്റോ സംശയമായി ചോദിച്ചു. അപ്പോള്‍ എനിക്കും സംശയം ആയി. മുതിര്‍ന്നവരുടെ അഭിപ്രായം തേടി. അവിടെ അടുത്ത് കൈതമറ്റം ഇല്ലത്ത് കുഞ്ഞുണ്ണി അഫന്‍ (KSS Namboothiri) അറിവുള്ള ആളാണ്‌.  ദേവിയുടെ ഉപാസകനും ആണ്. അത് അപകടം ആവും എന്നായിരുന്നു അദ്ദേഹം കാര്യകാരണ സഹിതം സൂചന നല്‍കിയത്. 

കുഞ്ഞുണ്ണി അഫന്‍ എന്നെ കിട്ടിയാല്‍ ഒരുപാട് സംസാരിക്കും. വടക്കേ ഇന്ത്യയിലും മറ്റും ദേവീ പൂജക്ക്‌ നല്‍കുന്ന പ്രാധാന്യം കേരളത്തില്‍ നല്‍കുന്നില്ല. എന്നാണു അദ്ദേഹം പറഞ്ഞത്. ദേവീപൂജയില്‍ നരബലി വരെ നല്‍കുന്ന ദേശങ്ങള്‍ ഇപ്പോഴും ഉണ്ട്.  കേരളത്തില്‍ അതൊക്കെ കദളിപ്പത്തേലും ഞാലിപ്പൂവന്‍ പഴത്തേലും ഒതുക്കുന്ന തന്ത്രിമാരുടെ സംപ്രദായത്തോട് അദ്ദേഹത്തിന് യോജിപ്പില്ല...   

അദ്ദേഹത്തിന്റെ സൂചന എതിരായപ്പോള്‍ ഞാന്‍ ചോദിച്ചു.  "ദേവീ മാഹാത്മ്യ യജ്ഞം നടത്തിയാല്‍" അതുകൊണ്ട് ക്ഷേത്രത്തിനു എന്തെങ്കിലും ദോഷം ഉണ്ടാകുമോ?" സംശയലേശമെന്യേ അദ്ദേഹം ഉടനെ മറുപടി പറഞ്ഞു: "ക്ഷേത്രത്തിനു ദോഷമില്ല. നിനക്ക് ദോഷം ഉണ്ടാകാതെ നോക്കണം"... 

അതിന്റെ പൊരുള്‍ അന്നേരം എനിക്ക് മനസ്സിലായില്ല. പക്ഷെ പിന്നീട് മനസ്സിലായി. "ഇല്ലത്ത് നിന്നും ഇറങ്ങി അമ്മാത്ത്  എത്താതെ പെരുവഴിയില്‍ കറങ്ങേണ്ടി വരും" എന്നാണു അദ്ദേഹം ഉദ്ദേശിച്ചത്. അത് ശരിയായി താനും. ശാന്തിക്കാരന്‍ എന്ന നില കൈവിട്ടു പോവുകയും ചെയ്തു . യജ്ഞാചാര്യന്‍ എന്ന നില കിട്ടിയതുമില്ല. ഇന്റര്‍നെറ്റ് ആകുന്ന  പെരുവഴിയില്‍ ഗതിപിടിക്കാതെ ഇങ്ങനെ അലയുന്നു. :)

കുഞ്ഞുണ്ണി അഫനെ കണ്ടശേഷം ഞാന്‍ തീരുമാനം മാറ്റി. എങ്കിലും ക്ഷേത്രത്തില്‍ ഭക്തജനങ്ങളില്‍ പലരും താല്പര്യം പ്രകടിപ്പിക്കുകയാല്‍ തന്ത്രിയോട് ചോദിക്കാന്‍ തീരുമാനിച്ചു. തന്ത്രി പെരിഞ്ഞെരി മന വാസുദേവന്‍‌ നമ്പൂതിരിപ്പാട്‌ അനുകൂലമായ അഭിപ്രായം പറഞ്ഞതോടെ നടത്താം എന്നായി തീരുമാനം. വ്യക്തിക്ക്  ദോഷം വന്നാലും സമൂഹത്തിനു ഗുണം ഉണ്ടാവുമെങ്കില്‍ ആവട്ടെ എന്ന് കരുതി. അത് അതുപോലെ ആയി ഭവിക്കുകയും ചെയ്തു. 


യജ്ഞം വിചാരിച്ചതിലും ഗംഭീരമായി.  ക്ഷേത്രത്തില്‍ പിന്നീട് ഒരുപാട് പുരോഗമന പ്രവര്‍ത്തനങ്ങള്‍ നടന്നു. അടുത്തുള്ള ചെറുതൃക്കോവില്‍ ക്ഷേത്രത്തിലും സദ്യാലയം തുടങ്ങിയ ബൃഹല്‍ സംരംഭങ്ങള്‍ നടന്നു.ഉണ്ടായിരുന്ന പണി പോയി എന്നതൊഴിച്ചാല്‍ എനിക്കും ദോഷം ഒന്നുമില്ല! അതും സ്വന്തം താല്പര്യപ്രകാരം  വിട്ടു കളഞ്ഞതാണ്.    ഇന്റര്‍നെറ്റില്‍ മറ്റൊന്ന് തരപ്പെട്ടല്ലോ. മനസ്സില്‍ സങ്കല്‍പ്പിച്ചിരുന്ന ക്ഷേത്രരൂപത്തെ ശില്പമാക്കി നേരില്‍ ദര്‍ശിക്കാന്‍ സാധിച്ചതാണ് എന്റെ ലാഭം. (Temple of Letters) 

ഈ വൃത്താന്തം ശാന്തിവിചാരം വഴി പല തവണ ബ്ലോഗ്‌ ചെയ്തിരുന്നു.  ഇപ്പോള്‍ അതിനു ഒരു ക്ഷേത്രരൂപത്തിനും ഏറെക്കുറെ വ്യക്തമായ ധാരണ ആയിരിക്കുന്നു. ഇതാണ് ഞാന്‍ പറഞ്ഞു വന്നതില്‍ (ശാന്തിവിചാരം ബ്ലോഗിലൂടെ) അഞ്ചാമത്തെ അത്ഭുതം. 

ഇപ്പോള്‍ അതെ ക്ഷേത്രത്തില്‍ രണ്ടു കൊല്ലം മുന്‍പ് നഷ്ടപ്പെട്ട ശാന്തി അവസരം വീണ്ടും കൈവരുകയും ചെയ്തിരിക്കുന്നു. ആചാര്യപദവി ആഗ്രഹിക്കുന്നില്ല.  ശിഷ്യന്റെ പണി പൂര്‍ത്തിയാക്കാതെ നല്ല ഗുരു ആവാന്‍ ആവില്ല. മുന്‍പ് എഴുതിയ ഗുരുദക്ഷിണ എന്ന കവിതയിലെ വരി ഓര്‍മ വരുന്നു. 



"പൂര്‍ത്തീകരിച്ചു പഠനം വിജയം വരിപ്പാന്‍ 

ആര്‍ക്കുണ്ട് നേര,മിവിടെപ്പണിയുണ്ടു വേറെ !"


Monday, 29 October 2012

ക്ഷേത്രസാഹിത്യം

ക്ഷേത്രസാഹിത്യം എന്ന ബൃഹത്തായ ശാസ്ത്രശാഖ ഇവിടെ സാങ്കേതികം ആയി  ഉരിത്തിരിയുന്നു.... ശാന്തിവിചാരം ആദിയായ ബ്ലോഗുകളിലൂടെ!...  പ്രസക്തമായ -അത്യാവശ്യമായ- കാര്യങ്ങള്‍ മാത്രം സംഗ്രഹിച്ചാലും ഇപ്പോഴത്തെ നിലക്ക് അതിനു കുറഞ്ഞത്‌ 250 പേജ് എങ്കിലും ഉണ്ടാവും...


ഇതിന്റെ അച്ചടിച്ചുള്ള പ്രസിദ്ധീകരണ വിഷയത്തില്‍ നിസ്സാരമല്ലാത്ത അപകടസാധ്യതകള്‍ പതിയിരിക്കുന്നു. ഇത് പലരെയും പ്രകോപിപ്പിക്കാന്‍ ഇടയുണ്ട്.  ഗ്രന്ഥകാരന്‍ ഉദ്ദേശിക്കാത്ത തലത്തിലേക്ക് അര്‍ഥങ്ങള്‍ വളച്ചൊടിക്കുക എന്നത് ഇപ്പോള്‍ മാന്യമായ ഒരു വിനോദമായിരിക്കുന്നു. അതിനാല്‍ ആദ്യമായി ക്ഷേത്രങ്ങളിലൂടെ നേരിട്ട് വാക്കാല്‍ പ്രസംഗരൂപേണയുള്ള വിഷയ അവതരണം ഏറ്റവും കരണീയം ആയി കാണപ്പെടുന്നു. 

ഇക്കാര്യത്തിനായി വിവിധ ക്ഷേത്രഭരണാധികാരികളെ സന്ദര്‍ശിക്കാന്‍  ഉദ്ദേശിക്കുന്നു. ഈശ്വരസമര്‍പ്പണം അഥവാ വഴിപാടു  എന്ന നിലയിലാണ്  ഈ വിഷയങ്ങള്‍ നാലമ്പലങ്ങള്‍ക്ക് ഉള്ളില്‍ അവതരിപ്പിക്കുക. അതിനു തന്ത്രിമാരുടെയും ആചാര്യന്മാരുടെയും അനുമതിയും അനുഗ്രഹവും തേടുന്നതാണ്. വിഷയസൂചനകള്‍ ഇതിനകം നല്‍കിക്കഴിഞ്ഞു. 

ഇതിന്റെ കാര്യനിര്‍വഹണത്തിനായി  പ്രദേശഅടിസ്ഥാനത്തില്‍ നവാംഗകര്‍മസമിതികള്‍ രൂപീകരിക്കണം എന്ന നിര്‍ദേശം ലഭിച്ചിട്ടുണ്ട്. അതിന്റെ സാധ്യതകള്‍ ആരഞ്ഞു പഠിച്ചുവരുന്നു. 

ഈ പ്രോജക്റ്റ് ക്ഷേത്രങ്ങള്‍ക്ക് ചൈതന്യ പോഷകം ആവും എന്നതില്‍ സംശയമില്ല. "സത്യം എന്നത് ബ്രഹ്മം അതു തന്നെ സത്യം എന്ന് പറയുന്നു സത്തുക്കള്‍." (ജ്ഞാനം പ്പാന) The absolute reality is referred to as "brahma". 
അതിന്റെ സങ്കല്പനം മനസ്സിനെ പവിത്രമാക്കുന്നു. പ്രസ്താവന പ്രദേശത്തെ പവിത്രമാക്കുന്നു. 

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് പാരമ്പര്യവും തനിമയും 
പരിശുദ്ധിയും  നഷ്ടപ്പെടുന്ന ഇന്നത്തെ സാഹചര്യം വിശദമായ പുന:പരിശോധന അര്‍ഹിക്കുന്നു. അവയ്ക്ക് നേതൃത്വം കൊടുക്കാന്‍ ക്ഷേത്ര വിഷയവും ആയി അടുത്ത ബന്ധം ഉള്ള സമുദായത്തിന് ബാധ്യത ഉണ്ട് എന്ന് ഞാന്‍ വിശ്വസിക്കുന്നു. 

Tuesday, 23 October 2012

വിജയദശമി.

ആസുരിക ശക്തികളെ നിഗ്രഹിച്ചു അവയ്ക്കുമേല്‍ ദൈവികശക്തിയുടെ ആധിപത്യം നേടിയ വിജയം കുറിക്കുന്ന സുദിനം ആണ് വിജയദശമി. ദശരഥപുത്രന്‍ ദശമുഖനെ നിഗ്രഹിച്ച ഈ ദിനം  ദശഹര , ദസറ എന്നൊക്കെ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ അറിയപ്പെടുന്നു.  മഹിഷാസുരന്‍ എന്ന അസുരനെ ദുര്‍ഗാദേവി നിഗ്രഹിച്ചതും ഇതേ ദിവസം തന്നെ.  തെക്കന്‍ സംസ്ഥാനങ്ങളില്‍ പ്രാധാന്യേന ദേവീപരം ആയ ഉത്സവക്കാലം ആണ് നവരാത്രി. രണ്ടു ചരിത്രങ്ങള്‍ക്കും പിന്നിലുള്ള തത്ത്വം  ഒന്ന് തന്നെ.

ദേവീമാഹാത്മ്യത്തില്‍ മധ്യമഭാഗത്ത്‌ ആണ് മഹിഷാസുരചരിത്രം വരുന്നത്. ഇതിനു ഇക്കാലത്ത് കൂടുതല്‍ പ്രാധാന്യം ഉണ്ട്.  അത്  വിശകലനം ചെയ്‌താല്‍ കൊള്ളാം എന്ന എളിയ ആഗ്രഹം മനസ്സില്‍ വലിയ ആഗ്രഹം ആയി അവസരം മതിയാവാതെ തുടരുന്നു.  യോഗവും നിയോഗവും ഒത്താലെ പ്രയോഗങ്ങള്‍ സാധുവാകൂ. 


വേദപണ്ഡിതന്മാരാല്‍പോലും  ഏറ്റവും  താലോലിക്കപ്പെട്ടിട്ടുള്ള ഒരു ഗ്രന്ഥം ആണ് ദേവീമാഹാത്മ്യം. അതിനു ഒരു ശാസ്ത്രപദവി തന്നെ ഉണ്ട്. സമുന്നത സ്ഥാനം. വേദങ്ങള്‍ അടിത്തറ ആയിട്ടുള്ളതും പുരാണങ്ങള്‍ ചുമരുകള്‍ ആയിട്ടുള്ളതും ആയ വിശ്വവിദ്യാലയത്തിന്റെ മകുടം ആയിട്ടാണ് ദേവീമാഹാത്മ്യം ശോഭിക്കുന്നത്‌. 

വൈദികദൃഷ്ടിയില്‍ ഭഗവത്ഗീതയ്ക്കല്ല പ്രാമുഖ്യം. താന്ത്രികവും മാന്ത്രികവും ആയ വീക്ഷണങ്ങളിലും തഥൈവ. ഗീതയിലെ ശ്ലോകങ്ങളില്‍ മന്ത്രപദവി ലഭിച്ചു പ്രയോഗിക്കപ്പെടുന്ന ശ്ലോകങ്ങളെന്നു പറയാന്‍ അംഗുലീപരിമിതം ആയ ഏതാനും എണ്ണങ്ങള്‍ മാത്രമേ ഉള്ളൂ. എന്നാല്‍ ദേവീമാഹാത്മ്യത്തില്‍ എല്ലാ ശ്ലോകങ്ങള്‍ക്കും മന്ത്രപദവി പുരാകല്പിതം ആണ്. ഉവാചകള്‍ക്ക് വരെ.

അതുകൊണ്ട് സംഭവിച്ച ഒരു വലിയ നഷ്ടം എന്തെന്നാല്‍ ശ്ലോകങ്ങളുടെ അഭാവം ആണ്. എഴുനൂറു ശ്ലോകങ്ങളില്‍ നൂറ്റി അറുപത്തി അഞ്ചോളം നഷ്ടപ്പെട്ട നിലയില്‍ ആണ് മലയാളത്തില്‍ ഏറെ പ്രചാരം ഉള്ള വിദ്യാരംഭം പ്രസിദ്ധീകരണത്തില്‍ കാണാന്‍ കഴിയുന്നത്‌.  അതില്‍ 535 ശ്ലോകങ്ങളെ ഉള്ളൂ. ഇതര പ്രസാധകരുടെ പുസ്തകങ്ങളും ഞാന്‍ വാങ്ങി നോക്കി. അവയില്‍ പലതിലും ശ്ലോക സംഖ്യ വ്യത്യസ്തം ആയി കണ്ടു. 544, 547, 567, എന്നിങ്ങനെ.   പുറനാട്ടുകര രാമകൃഷ്ണ മഠം പ്രസിദ്ധീകരണത്തില്‍ ആണ് ഏറ്റവും അധികം ശ്ലോകങ്ങള്‍ കാണാന്‍ കഴിഞ്ഞത്. അതും 608 എണ്ണം മാത്രം.  ഈ വ്യതിയാനം എന്തുകൊണ്ട് എന്നത് എന്റെ പഠന വിഷയം ആയി. ഈ വിഷയത്തില്‍ പണ്ഡിതന്‍ ആയ കണ്ടിയൂര്‍ മഹാദേവശാസ്ത്രികള്‍ എന്ത് പറയുന്നു എന്ന് അദ്ദേഹത്തിന്റെ വ്യാഖ്യാനത്തില്‍ നിന്നും മനസ്സിലാക്കി. 

അദ്ദേഹം ഇന്ത്യയില്‍ ആകമാനം നടന്നു തമിഴില്‍ നിന്നും ബംഗാളിയില്‍ നിന്നും വരെ പുസ്തകങ്ങള്‍ പരിശോധിച്ചിട്ടും 700 ശ്ലോകങ്ങള്‍ കണ്ടില്ല എന്നും, ആകയാല്‍ 700 എന്നത് ശ്ലോക സംഖ്യ അല്ല എന്നും മന്ത്രസംഖ്യ ആണെന്നും,    576 ആണ് യഥാര്‍ത്ഥ ശ്ലോകസംഖ്യ എന്നാണു അദ്ദേഹത്തിന്റെ അഭിപ്രായം.    ആ അഭിപ്രായം നല്ല  നേരംപോക്ക് ആയിട്ടാണ് എനിക്ക് തോന്നിയത്, പഞ്ചപാണ്ഡവന്‍മാര്‍ എത്ര എന്ന ചോദ്യത്തിന് ഏതോ സഹൃദയന്‍ കട്ടിലുംകാല്‍ പോലെ മൂന്നു എന്ന് ചൊല്ലി   രണ്ടെന്നു വിരല്‍ കാണിക്കുംപോലെ. കാരണം 700 ശ്ലോകങ്ങളോട് കൂടിയ പുസ്തകം എന്റെ അച്ഛന്റെ പക്കല്‍ ഉണ്ടായിരുന്നു. സമ്പൂര്‍ണമായ പരിഭാഷ രചിക്കുന്നതിന് അത് പ്രേരകമായി. വൃത്താനുവൃത്തം ആയിത്തന്നെ. എങ്കിലും ഇതുവരെ പ്രസിദ്ധീകരിക്കാന്‍ സാധിച്ചിട്ടില്ല. 


അവതാരിക എഴുതാന്‍ പോലും ആളെ കിട്ടാത്ത അവസ്ഥ. ശാസ്ത്രീയം ആയവ ജനകീയം ആക്കുന്നത് ശരിയല്ല എന്ന അഭിപ്രായം അത്ര തെറ്റാണെന്നും പറയാന്‍ വയ്യ.   ദൈവിക ചിന്തയില്‍ പുതിയ ഉണര്‍വ്വ് ഉണ്ടാകുമ്പോള്‍ ഓരോരോ കാരണങ്ങള്‍ ചൊല്ലി ബ്ലോക്ക് ചെയ്യേണ്ടത് പലരുടെയും ആവശ്യം ആയിരിക്കുന്നല്ലോ? ഇവിടെയാണ്‌ ആശയപരമായ സംഘട്ടനത്തിന്റെ ആവശ്യകത. മനോതലത്തില്‍ അത് സര്‍വദാ സംഭവിക്കുന്നു. 

മഹിഷം എന്നാല്‍ പോത്ത് എന്നര്‍ത്ഥം. സല്‍ബുദ്ധി ഇല്ലാത്ത മൃഗീയശക്തി. മഹിഷാസുരന്‍ മസ്തിഷ്കബലം ഇല്ലാത്ത ശരീരബലത്തിന്റെ പ്രതീകം ആണ്.  മഹിഷാസുരന്‍ രാജ്യം കീഴടക്കി ഭരിച്ചു. അക്കാലത്ത് സംഭവിച്ച അനര്‍ഥങ്ങള്‍ ദേവീ മാഹാത്മ്യത്തില്‍ പറയുന്നു. ഇതിനു ഇക്കാലത്തോട് ഉള്ള താരതമ്യം കൂടി എളിയ കമന്റ് എന്ന നിലയില്‍ പരോക്ഷസൂചന ആയി വ്യക്തമായ വേര്‍തിരിവോടെ ചെറിയ അക്ഷരത്തില്‍ മാറ്റി എഴുതി പ്രത്യേകം ആയ ഒരു ലേ-ഔട്ട്‌ ആയിട്ട് ആയിരുന്നു പ്രൂഫ്‌ തയ്യാറാക്കിയത്. 

അതിനു വെളിച്ചം കാണാന്‍ ഒന്നുകില്‍ യോഗമില്ല അല്ലെങ്കില്‍ സമയം ആയിട്ടില്ല.  സമയം ആയില്ല എന്ന് കരുതാന്‍ പ്രയാസം. കാരണം ആപദി കിം കരണീയം എന്ന ചോദ്യത്തിന് സ്മരണീയം ചരണ യുഗല മംബായാ: എന്നാണു ശാസ്ത്രീയം ആയ  മറുപടി. അതനുസരിച്ച് നോക്കിയാല്‍ ദേവീഭജനത്തിന്റെ സമയം  ഇത് തന്നെ ആണ്.  ഇതില്‍പരം സമൂഹത്തിനു എന്ത് ആപത്ത് വരാന്‍! ദുര്‍ഭരണം അതിന്റെ അങ്ങേയറ്റത്ത്‌ അല്ലെ എത്തി നില്‍ക്കുന്നത്?

Monday, 22 October 2012

നവരാത്രി


എല്ലാര്‍ക്കും നവരാത്രി ആശംസകള്‍!

നാട്ടില്‍ ആകെ നവരാത്രി ആഘോഷങ്ങള്‍ നടക്കുന്നു. അറിവിന്റെ മണ്ഡലത്തില്‍ ഒരു പുത്തന്‍ ഉണര്‍വ്വ് അഥവാ നവോന്മേഷം തരുന്നതാണ് നവരാത്രി. പൂജവയ്പ് പ്രതീകാത്മകം ആയ ആത്മ സമര്‍പ്പണം ആണ്. പുസ്തകങ്ങളും ആയുധങ്ങളും നിരുപാധികം വച്ച് കീഴടങ്ങുകയാണ്. ഞാന്‍, എന്റേത് എന്നൊക്കെയുള്ള സ്വയം പ്രമാണി ബോധം അഥവാ ഭാവം ഇവിടെ പരമമായ ശക്തിയുടെ മുന്‍പാകെ സമര്‍പ്പിക്കപ്പെടുകയാണ്. 

അങ്ങനെ നിരായുധന്‍ ആയി, ജോലിത്തിരക്ക് ഇല്ലാത്തവന്‍ ആയി എകാഗ്രമാക്കപ്പെട്ട മനസ്സോടെ ശക്ത്യുപാസന ചെയ്യാന്‍ ഭക്തരുടെ സമൂഹം എല്ലാം ഈശ്വര സന്നിധികളില്‍ ഒത്തുചേരുന്ന ഉത്സവക്കാലം കൂടിയാണ് നവരാത്രി.   ബൌദ്ധികമായ ഒരു നവീകരണ പ്രക്രിയ സമൂഹതലത്തില്‍ സംഭവിക്കുന്നു. ഹൈന്ദവ ആചാരങ്ങള്‍ അധികവും വ്യക്തിനിഷ്ഠം self based  ആണല്ലോ. നവരാത്രി സമൂഹനിഷ്ഠം ആണ്. സമൂഹാരാധനയുടെ കാലം ആണ്. 

ദക്ഷിണ മൂകാംബി എന്നറിയപ്പെടുന്ന പനച്ചിക്കാട് സരസ്വതീക്ഷേത്രം ഇവിടെ അടുത്താണ്. എന്റെ അച്ഛന്‍ ആദ്യമായി മേല്‍ശാന്തി ആയിരുന്നത് അവിടെ ആയിരുന്നു. അവിടെ വിഷ്ണുക്ഷേത്രത്തിന്റെ കുളക്കരയില്‍ തുറസ്സായ സ്ഥലത്ത് ശ്രീകോവില്‍ പോലും ഇല്ലാതെ വള്ളിപ്പടര്‍പ്പുകള്‍ക്ക് നടുവില്‍ ആണ് ദേവിയുടെ മൂലബിംബം കുടികൊള്ളുന്നത്. 

നവരാത്രികാലത്ത് ഇവിടെ ഏതാണ്ട് മുഴുവന്‍ സമയവും സംഗീതസാന്ദ്രം ആയിരിക്കും.  കവിയരങ്ങ് പോലുള്ള സാഹിത്യ പ്രധാനം ആയ ചടങ്ങുകളും ഉണ്ടെങ്കിലും സംഗീതത്തിനു ആണ് കൂടുതല്‍ പ്രാധാന്യം കല്പിച്ചു കാണുന്നത്. ഇത് എന്തുകൊണ്ട് എന്നറിയില്ല.  ഗായകരും നര്‍ത്തകരും മറ്റു കലാകാരന്മാരും വിദ്യാദേവതക്ക് ഉള്ള വഴിപാടു ആയിട്ടാണ്  കലാപരിപാടികള്‍ സമര്‍പ്പിക്കുന്നത്.  


Thursday, 18 October 2012

ദേവീമാഹാത്മ്യം

ലോകത്തില്‍ സുഖഭോഗവസ്തുക്കള്‍ അനവധിയുണ്ട്. ഒരിക്കല്‍ സുഖത്തിനു കാരണം ആയ അതെ വസ്തു തന്നെ പിന്നീട് ദുഃഖം ഉണ്ടാക്കുന്ന ഒരു അവസ്ഥ ഉണ്ട്. കൂടുതല്‍ സുഖം തന്നവ കൂടുതല്‍ ദുഃഖകരം ആയിത്തീരുന്നു.  

ശാശ്വതം ആയ സുഖം ദ്രവ്യ അധിഷ്ടിതം അല്ല എന്ന കണ്ടെത്തല്‍ ആണ് ആത്മീയദര്‍ശനങ്ങളുടെ അടിത്തറ. എന്നാല്‍ ഈശ്വര വിചാരത്തിലൂടെ നേടുന്ന സുഖം ഒരിക്കലും പിന്നീട് ദുഃഖത്തിന് ഇടയാക്കുകയില്ല എന്ന തത്ത്വം ആണ് ആസ്തിക്യത്തിന്റെ അടിത്തറ. 

ആസ്തിക്യബോധം ഉറയ്ക്കുന്നത് ഏതെങ്കിലും തരത്തിലുള്ള അനുഭവങ്ങളുടെ  ലബ്ധിയിലൂടെയാണ്. അഥവാ സിദ്ധിയിലൂടെയാണ്. 

ഒരു നല്ല ആസ്തികന് നാസ്തികനെയും ഉള്‍ക്കൊള്ളാന്‍ കഴിയും. എന്നാല്‍ നല്ല നാസ്തികന് ആസ്തികനെ ഉള്‍ക്കൊള്ളാന്‍ കഴിയില്ല.  ആസ്തിക്യവും നാസ്തിക്യവും ഉറച്ചിട്ടില്ലാത്തവര്‍   തമ്മിലാണ് പലപ്പോഴും അഭിപ്രായസംഘട്ടനങ്ങള്‍ ഉണ്ടാവുക. 

എന്റെ ഈശ്വരഭജനം പുരോഗമിച്ചിട്ടുള്ളത് ക്ഷേത്രങ്ങളും ആയി ബന്ധപ്പെട്ടാണ്. പരമ്പരാഗതം ആയി പകര്‍ന്നു കിട്ടിയ  ചിന്താഗതിയും ആയി ബന്ധപ്പെട്ടാണ്. 

ഭൌതികം ആയി ദ്രവ്യവാദത്തില്‍ നിര്‍മിതം ആയ ഇന്നത്തെ  വിദ്യാഭ്യാസവും പുരാതനമായ ആത്മീയചിന്തയും തമ്മില്‍ പൊരുത്തക്കേടുകള്‍ ഏറെയാണ്‌. രണ്ടിന്റെയും ലക്ഷ്യങ്ങള്‍ സമാനം അല്ല. ഇതില്‍ ഏതു സ്വീകരിക്കണം എന്ന സംശയം ഇന്ന് പലരെയും അലട്ടുന്ന വിഷയം ആണ്.   കഴിവ് പോലെ രണ്ടും വേണം എന്നത് ആവും പലരും കണ്ടെത്തുന്ന ഉത്തരം. എങ്കിലും എല്ലാവരും പ്രാധാന്യം  കല്‍പ്പിക്കുന്നത് സ്കൂള്‍ അഥവാ കോളേജ് വിദ്യാഭ്യാസത്തിനു തന്നെ ആയിരിക്കും. 

പാരമ്പര്യവും ആത്മീയവും എല്ലാം അങ്ങനെ രണ്ടാംതരം ആക്കപ്പെടുന്നു. മാറിയ സമൂഹവീക്ഷണം അത്തരത്തില്‍ ആയിരിക്കുന്നതിനാല്‍ അതിനെ അതേപടി പിന്തുടരാന്‍ മാത്രമേ ഒറ്റപ്പെട്ട വ്യക്തികള്‍ക്കും സമുദായങ്ങള്‍ക്കും പലപ്പോഴും കഴിയൂ. ഇത് ഒരു വ്യക്തിയുടെയോ സമുദായത്തിന്റെയോ കുറ്റം അല്ല. അവര്‍ക്ക് ഉണ്ടായിരുന്ന പൊതു പിന്തുണ പെട്ടെന്ന് പിന്‍വലിക്കുന്ന അന്യായം ആയ നയങ്ങള്‍ ആണല്ലോ സര്‍ക്കാര്‍ സ്വീകരിച്ചത്.  വിദ്വേഷം എന്ന നെഗറ്റീവ് ഭാവനയില്‍ അധിഷ്ടിതം ആയ നയങ്ങള്‍, അവയുടെ അനന്തരഫലങ്ങളുടെ വെളിച്ചത്തില്‍ വേണം വിലയിരുത്താന്‍.  

ഭാരതീയതയുടെ മര്‍മം ആയ ബ്രാഹ്മണ്യത്തെ ദുര്‍ബലം ആക്കുക വഴി ഇവിടെ നേട്ടം ഉണ്ടാക്കുന്നത്‌ അധികവും വിദേശീയരും അവരുടെ സംസ്കാരശിഷ്ടം ചുമക്കുന്ന അന്യമതസ്ഥരും  ആണെന്ന സത്യം നാം തിരിച്ചറിയേണ്ടിയിരിക്കുന്നു.  

ബ്രാഹ്മണ്യത്തെ നശിപ്പിക്കാന്‍ ഉള്ള സര്‍ക്കാരിന്റെയും പൊതുജനങ്ങളുടെയും ബോധപൂര്‍വ്വവും അല്ലാതെയും ഉള്ള ശ്രമങ്ങളോട് എതിരിടുകയല്ല, സഹകരിക്കുകയും സന്ധി ചെയ്യുകയും ആണ് അവര്‍ ചെയ്തത്. അങ്ങനെ ചെയ്തവരെ ആണ് മഹാന്മാരുടെ ഗണത്തില്‍ ലോകം എണ്ണുന്നത്. എന്നാല്‍ ആ ലോകഗതി ഇപ്പോള്‍ രൂക്ഷമായ സമാധാന പ്രശ്നങ്ങളില്‍ ചെന്ന് എത്തി നില്‍ക്കുകയാണ്. ഭരണകൂടങ്ങളുടെ വീണ്ടുവിചാരം ഇല്ലാത്ത സമീപനം അഥവാ ദുര്‍ഭരണം മൂലം ജനജീവിതം ഇവിടെ പൂര്‍വാധികം ദുരിതം നിറഞ്ഞത്‌ ആയിരിക്കുന്നു. 

ഇതൊരു സമൂഹവിപത്ത് ആണ്. ഇതിനു പരിഹാരവും സമൂഹതലത്തില്‍ തന്നെ വേണം ചെയ്യാന്‍. ഇവിടെയാണ്‌ ദേവീമാഹാത്മ്യം എന്ന ശാസ്ത്രഗ്രന്ഥത്തിന്റെ പ്രസക്തി. മഹാദുഷ്ടന്മാര്‍ ആയ ഭരണാധികാരികള്‍ മുന്‍പും ഭൂമിക്കു ഭാരം അഥവാ നാടിനു ശാപം ആയിട്ടുണ്ട്‌. അവരുടെ സംഹാരം വരുത്താന്‍ കഴിവുള്ള ആന്തരിക ശക്തിയെ ഉണര്‍ത്തുന്ന മന്ത്രങ്ങള്‍ ആണ് ദേവീമാഹാത്മ്യം ഗ്രന്ഥത്തില്‍ മുഴുവനും ഉള്ളത്. അവ വ്യക്തിപരം ആയി പറഞ്ഞാല്‍ എന്നെ സംബന്ധിച്ചിടത്തോളം അനുഭവസിദ്ധം ആണ്. ആ വിശ്വാസവും ഉറപ്പും ആണ് അതിന്റെ വൃത്താനുവൃത്ത പരിഭാഷയ്ക്ക് എന്നെ പ്രേരിപ്പിച്ചത്. ആ ഗ്രന്ഥത്തെ അടിസ്ഥാനം ആയി സ്വീകരിച്ചാണ് ഈ ബ്ലോഗ്‌ പ്രവര്‍ത്തിക്കുന്നത്.

ദേവീമാഹാത്മ്യം യജ്ഞരൂപത്തില്‍ പരിഭാഷ സഹിതം അവതരിപ്പിക്കാന്‍ ആഗ്രഹം ഉണ്ട്. ഏഴു ദിവസം ആണ് അതിനു വേണ്ടത്. 
ക്ഷേത്രവേദികളില്‍ ദേവീ മാഹാത്മ്യയജ്ഞം നടത്താവുന്നതാണ്.   രണ്ടു കൊല്ലം മുന്‍പ് അങ്ങനെ ഒരു യജ്ഞം കോട്ടയം ജില്ലയിലെ വെള്ളൂരില്‍ പൊന്നരികുളം വനദുര്‍ഗാക്ഷേത്രത്തില്‍ നടത്തുക ഉണ്ടായി. തന്മൂലം ഒട്ടേറെ ദുരിതനിവൃത്തിയും മംഗള ഫലങ്ങളും  ആ നാടിനും അതില്‍ സംബന്ധിച്ച എല്ലാ ആളുകള്‍ക്കും  ലഭിക്കുകയുണ്ടായി. എനിക്ക് തന്മൂലം ലഭിച്ച മുഖ്യ നേട്ടങ്ങളുടെ പട്ടിക തയ്യാറാക്കിയാല്‍ ഈ ബ്ലോഗ്‌ എല്ലാം അതില്‍ പെടും. എന്റെ മനസ്സില്‍ ഉണ്ടായിരുന്ന ക്ഷേത്രസങ്കല്പത്തിന് തത്തുല്യമായ  രൂപം ത്രിമാനതയില്‍ ആവിഷ്കരിക്കാന്‍ സാധിച്ചത് ആണ് ഏറ്റവും വലിയ നേട്ടം അഥവാ ഫലം ആയി തോന്നുന്നത്. 

നവരാത്രി കാലത്ത് ദേവീപരം ആയ ചിന്തകള്‍ക്ക് പ്രത്യേക പ്രാധാന്യം ഉണ്ട്. അനുഗ്രഹീതനായി എന്നൊരു തോന്നല്‍ ഉണ്ടായാല്‍ പിന്നെ ദൈവവിചാരം ഒക്കെ കുറയാനും ഒരു സാധ്യത ഉണ്ട്. ഈ ബ്ലോഗ്‌ അപ്ഡേറ്റ് ചെയ്യാന്‍ വൈകുന്നത് അതുകൊണ്ട് അല്ല കേട്ടോ. ഒരു ഗ്രന്ഥ പരിശ്രമം ഇപ്പോള്‍ മുഖ്യം ആയി എടുത്തിരിക്കുന്നത് കൊണ്ടാണ്. അതോടൊപ്പം ചില സംഘടനാ പരിശ്രമങ്ങളും വേണം എന്ന് വിചാരിക്കുന്നു. എല്ലാം ഈശ്വരനിശ്ചയം പോലെ മംഗളം ആവട്ടെ!
 

Thursday, 11 October 2012

അവസരം തേടി...

ഈശ്വരചിന്ത എല്ലാവരും മനസ്സില്‍ ചെയ്യുന്ന ഒന്നാണ്. അത് ചെയ്യേണ്ടതും അങ്ങനെ തന്നെയാണ്. അതിനു ഒരു പൊതു വേദിയുടെ ആവശ്യമില്ല. ബ്ലോഗ്‌ ഒന്നും വേണ്ടാ. അസുരന്മാര്‍ പോലും തീവ്രമായ തപസ്സ് അനുഷ്ടിച്ചിരുന്നു. പലര്‍ക്കും ധാരണ ഉണ്ട് ഈ അസുരന്മാര്‍ ഒക്കെ നിരീശ്വര വാദികള്‍ ആണ് എന്ന്.

നിരീശ്വരവാദികള്‍ അസുരന്മാരോളം അപകടകാരികള്‍ അല്ല. ഈശ്വര വാദികള്‍ എന്ന് പറഞ്ഞു ഒരു വിഭാഗം  ഉണ്ടോ? അങ്ങനെ ആരും പറയാറില്ലല്ലോ. ഈശ്വര വിശ്വാസികള്‍  അല്ലെ ഉള്ളൂ?

ഈശ്വര വിശ്വാസികള്‍ എന്ന് അറിയപ്പെടുന്നവരില്‍ നല്ലൊരു വിഭാഗവും കാര്യലാഭത്തിന് വേണ്ടി മാത്രം ഈശ്വരനെ വിചാരിക്കുന്നവര്‍ ആണ്. ഭക്തലക്ഷണം വെച്ച് നോക്കിയാല്‍ ക്ഷേത്രങ്ങളില്‍ വരുന്ന സന്ദര്‍ശകരെ  അങ്ങനെ വിളിക്കാന്‍ തോന്നുകയില്ല. അവര്‍ക്കൊക്കെ അവരുടെ കാര്യസാധ്യം ആണ് പ്രധാനം. 


ഏറ്റവും പ്രലോഭാനീയം ആയ നിലപാട് അവര്‍ക്ക് വേണ്ടി ശാന്തിക്കാരടക്കം ഉള്ള ക്ഷേത്ര ജീവനക്കാരും , മാനേജ്മെന്റും, ആചാര്യസ്ഥാനത്ത്  ഇരിക്കുന്ന തന്ത്രി പോലും  കൈക്കൊള്ളുന്നു. സത്യത്തില്‍ ഇത് ഭക്തര്‍ക്ക്‌ വേണ്ടി ആണോ? ഭക്തിക്കുവേണ്ടി ആണോ? ആണെങ്കില്‍ ധാരാളം ഭക്തര്‍ ഉണ്ടായേനെ. ഭക്തി ഉണ്ടായേനെ.

വിശ്വാസം ഉള്ളവരുടെ വിശ്വാസത്തെ മുതലെടുത്ത്‌ പരമാവധി ധനം ഉണ്ടാക്കുക എന്ന മാര്‍ഗ്ഗം ആണ് ക്ഷേത്രങ്ങള്‍ പിന്തുടരുന്നത്. ഇത് ക്ഷേത്രവും ആയി ബന്ധപ്പെട്ട പ്രവര്‍ത്തന തത്ത്വങ്ങള്‍ക്ക് വിരുദ്ധം ആണ്.  ആത്മീയ ലക്‌ഷ്യം ഭൌതിക ലക്‌ഷ്യം ആയി മാറുന്നു. തല്ഫലം ആയി ഈശ്വരന്റെ  അനുഗ്രഹഭാവം കുറയുന്നു. അതിന്റെ തെളിവാണ് ഹിന്ദുക്കള്‍ ഭൂരിപക്ഷം ആയിട്ടും ഇവിടെ  ഹിന്ദു സംസ്കാരം നാള്‍ക്കുനാള്‍  നശിക്കുന്നത്. 


ഈ പ്രശ്നത്തിന് എന്താണ് ഒരു പരിഹാരം എന്ന ചിന്തയുടെ ഫലമായി തോന്നിയ ഒരു സമാധാനം ആണ് അറിവിന്റെ ക്ഷേത്രം എന്നത്. അന്ന് ഞാന്‍ ഒരു ഭദ്രകാളി ക്ഷേത്രത്തില്‍ ശാന്തിക്കാരന്‍ ആയിരുന്നു. 1992 ല്‍ .  ആ ചിന്ത ക്രമേണ മനസ്സില്‍ കൂടുതല്‍ കൂടുതല്‍ തെളിഞ്ഞുവന്നു കൊണ്ടിരുന്നു. രണ്ടു കൊല്ലം കൂടി കഴിഞ്ഞപ്പോള്‍ അതിനൊരു നാമവും രൂപവും കാണാന്‍ സാധിച്ചു. അതൊരു അവാച്യമായ അനുഭവം ആയിരുന്നു. ഇപ്പോഴും അന്നുണ്ടായ അനുഭവത്തിന്റെ സ്മരണകള്‍ അവാച്യമായി തന്നെ മനസ്സില്‍ തങ്ങി നില്‍ക്കുന്നു. 

എന്നാലും അവയെ കുറെയൊക്കെ  ശ്ലോകങ്ങള്‍ ആക്കിയിട്ടുണ്ട്. അത് വേദികളില്‍ ചൊല്ലി അവതരിപ്പിച്ചാലെ കൂടുതല്‍ ഹൃദ്യമാവൂ. അതിനു പറ്റിയ പൊതുവേദികള്‍ ഇതുവരെ കണ്ടെത്താന്‍ സാധിച്ചില്ല. ശുദ്ധമായ വേദികള്‍ വേണം. ക്ഷേത്രംപോലെ പരിശുദ്ധത ഉള്ള വേദികള്‍. ശാന്തിക്കാര്‍ക്ക് ക്ഷേത്രങ്ങള്‍ അവസരം തരുമായിരുന്നെങ്കില്‍ ഞാന്‍ ഒരിക്കലും ഈ ബ്ലോഗനഗരിയില്‍ എത്തുകയില്ലായിരുന്നു. 

പലതിനും കുപ്രസിദ്ധി ആര്‍ജ്ജിച്ചലോകം ആണല്ലോ ഇന്റര്‍നെറ്റിന്റെത് തന്നെ.  ഫെയിസ് ബുക്കില്‍ ആക്റ്റീവ് ആണെന്ന് എങ്ങാനും വലിയ കാര്യത്തില്‍ അമ്പലത്തില്‍ എങ്ങാനും മിണ്ടിപ്പോയാല്‍ കാണേണ്ടി വരുന്നത് കേള്‍ക്കുന്നവര്‍ ചിരിയടക്കാന്‍ വിഷമിക്കുന്ന കാഴ്ച ആയിരിക്കും. യു ടുബില്‍ ഉണ്ടെന്നു പറഞ്ഞാല്‍ പിന്നെ ആ വഴിക്ക് പോവാതെ ഇരിക്കുകയാവും ഭേദം.  

സംസാരിക്കാന്‍ ഉള്ള അവസരം കിട്ടുന്നതിനു ശാന്തിക്കാരന്‍ എന്ന നിലയാണ്  തടസ്സം എങ്കില്‍ അവസരത്തിന് വേണ്ടി, വോയിസിനു വേണ്ടി ആ മുഷിഞ്ഞ പദവി ഉപേക്ഷിക്കാനും തയ്യാര്‍. എന്നാലും കുറെയൊക്കെ വിരോധങ്ങള്‍ ബാക്കി നില്‍ക്കുന്നു. മുന്ശാന്തിക്കാരന്‍ എന്ന നിലയും അയോഗ്യതയാവും.   

അത് ഉപേക്ഷിക്കാന്‍ ആവില്ലല്ലോ!

അവതരണ വിഷയത്തില്‍ ഇപ്പോള്‍ ആകെപ്പാടെയുള്ള ഒരു സമാധാനം യൂ ടുബ്‌ ആണ്. പക്ഷെ അതൊരു അറ്റകൈ പ്രയോഗം ആണ്! അതിനു മുന്‍പായി ഒരു ട്രയല്‍ കൂടി നോക്കണം എന്ന് വിചാരിക്കുന്നു. എല്ലാം ഈശ്വരേച്ഛപോലെ വരട്ടെ. 

Tuesday, 9 October 2012

Sree Chakra In Electronics


ശ്രീ ചക്രത്തിന് വാസ്തുവും ആയുള്ള ബന്ധം വ്യക്തമാക്കുന്ന പേജ് കണ്ടല്ലോ. വാസ്തുദോഷപരിഹാരത്തിന് ശ്രീചക്രം വീട്ടില്‍ സ്ഥാപിക്കുന്നത് ഒരു പരിധി വരെ എങ്കിലും നല്ലതാണെന്ന് കരുതാം. പൊളിച്ചു പണി എല്ലായ്പോഴും സാധ്യമായി എന്ന് വരില്ലല്ലോ. അതിനും "ശ്രീധനം" ആണ് ആവശ്യം.

ശ്രീചക്ര മധ്യത്തില്‍ നിന്നും ഉയരുന്ന ശക്തിയുടെ സ്വരൂപത്തിന്‌ താമരപ്പൂവിന്റെ ആകൃതി ഉള്ളത് ആണ് മേലെ കണ്ട ചിത്രത്തില്‍.  താമര ദളങ്ങളുടെ വിന്യാസംപോലെ ത്രികോണ ആകൃതികളില്‍ പോസിറ്റീവ് തരംഗങ്ങളുടെ   കാന്തികക്ഷേത്രം ഉണ്ടാകുന്നു. അത് സാധകന്റെ ചിന്തയെ എകാഗ്രം ആക്കുന്നു. ആവശ്യം ഇല്ലാത്ത നാനാവിധ വിചാരങ്ങളില്‍ നിന്നും വിടുവിച്ച് മനസ്സിനെ പവിത്രീകരിക്കുന്നു. 



പണ്ട് പഠിച്ചു മറന്ന രസതന്ത്രത്തിലെ ചിലതൊക്കെ ഓര്‍മയില്‍ വരുന്നു. ആറ്റത്തിന്റെ ഘടന.  Atomic structure. അതാണല്ലോ ഈ പ്രപഞ്ചത്തില്‍ എല്ലാ വസ്തുക്കളുടെയും അടിസ്ഥാന ഘടന.

തന്മാത്രകള്‍ എല്ലാം അടിസ്ഥാനപരം ആയി ഒന്ന് തന്നെ. അവയില്‍ ഉള്ള ആന്തരിക ശക്തിയുടെ ഏറ്റക്കുറച്ചില്‍ (particle count, or more precisely the count of distinct patterns of waves.) 
അനുസരിച്ചു വിവിധ സ്വഭാവങ്ങള്‍ കൈവരുന്നു. 


 അഞ്ചു വൃത്തങ്ങള്‍ അഞ്ചു  circular orbits. പദ്മ ദളങ്ങള്‍ wave pattern of motion. ആറു ത്രികോണങ്ങള്‍ ചേരുമ്പോള്‍ അവ പരസ്പരം ഖണ്ഡിച്ചു  ഉണ്ടാകുന്ന ത്രികോണങ്ങളുടെ ബാഹ്യവൃത്തത്തില്‍ വരുന്ന ആ  ത്രികോണവളയവും അതുപോലെ ഒരുതരം തരംഗങ്ങള്‍ തീര്‍ക്കുന്നു.  ശക്തമായ sine waves. അതും വൃത്തത്തിനുള്ളില്‍ വരുന്നു. The inner and outer points or corners are the nodes and anti-nodes of the wave. 

അഷ്ടദളം ആണ് ശ്രീ ചക്രത്തിന് ഉള്ളില്‍ ഉള്ളത്. എട്ടു electrons ആണല്ലോ ഒരു stable system നു ആവശ്യം. Thus Sreechakra represents a stable setup. ഏതൊരു മൂലകവും പ്രവര്‍ത്തിക്കുന്നത് അതിന്റെ ആറ്റത്തിന്റെ ബാഹ്യവലയത്തില്‍ (in the outermost orbital) എട്ടു electrons തികയ്ക്കുന്നതിനു വേണ്ടി ആണല്ലോ. Octect Rule. ശ്രീ ചക്രത്തില്‍ എട്ടു electrons ഉള്ളത് ആന്തരിക വലയത്തില്‍ (in the inner shell) ആണെന്ന് കാണാം.  ആന്തരികമായ stabilityയെ ഇത് സൂചിപ്പിക്കുന്നു. 

ഈ രൂപത്തെ വിഭാവന ചെയ്യുന്നതിലൂടെ സമാനമായ ആന്തരിക ഘടന ഉപാസകന്റെ മനസ്സിലും സംഭവിക്കുന്നു. ഒരുപക്ഷെ ഇത് തന്നെ ആയിരിക്കാം ശ്രീ ചക്രത്തിന്റെ പ്രവര്‍ത്തനതത്ത്വവും. 

വളരെ മനോഹരമായി വരച്ചിട്ടുള്ള ശ്രീചക്രം ആണ് ചുവടെയുള്ള ചിത്രത്തില്‍. നല്ല ഐശ്വര്യം ഉള്ള ഒരു ശ്രീചക്രം.ഉത്തമം ആയ ശ്രീചക്രത്തിന്റെ ഒരു ദര്‍ശന അനുഭൂതി അത് സൃഷ്ടിക്കുന്നു. ഇതില്‍ നിന്നും ബഹിര്‍ഗമിക്കുന്ന ശുഭ തരംഗങ്ങളുടെ പ്രസരണം അഥവാ റേഡിയേഷന്‍ അനുഗ്രഹകരം ആണ്.   


i.e. we find its significance in electronics too.  

Sunday, 7 October 2012

ശ്രീചക്രം 2

ചിത്രത്തിലേത് മേരു ചക്രം ആണെന്നും ശ്രീചക്രം ദ്വിമാനം ആണെന്നും ഒരു സുഹൃത്ത് പറയുന്നു. രണ്ടും ഒന്ന് തന്നെ ആണ് എന്ന് പറഞ്ഞാല്‍ അത്ര പെട്ടെന്ന് പലര്‍ക്കും വിശ്വസിക്കാന്‍ ആവുന്നില്ല താനും. കാരണം ഒറ്റ നോട്ടത്തില്‍ തന്നെ വ്യത്യാസം തോന്നും. ഒരാളുടെ ചിത്രവും പ്രതിമയും തമ്മിലുള്ള വ്യത്യാസം പോലെ അല്ലെ ഉള്ളൂ ഇത്?  എന്ത് തോന്നുന്നു? ശ്രീചക്രത്തിന്റെ ദ്വിമാനചിത്രം ആണ് ചുവടെ.



രണ്ടും ഒന്നാണ് എന്ന് വിശ്വസിക്കാന്‍ പ്രയാസം ഉണ്ട് അല്ലെ? എന്നാല്‍ ഇതാ ഇവയുടെ ഇടമധ്യത്തില്‍ ഉള്ള മറ്റൊരു രൂപം. വര ആകയാല്‍ ത്രിമാനത്തിന്റെ ദ്വിമാനരൂപം. 

ഇതിലെ projections (മേല്പോട്ടുള്ള തള്ളലുകള്‍) മാറ്റിയാല്‍ ഇത് ദ്വിമാനചക്രം ആയി. മേരു എന്ന വാക്കിനു പര്‍വതം എന്നാണു ഇവിടെ വിവക്ഷിതം ആയിരിക്കുന്ന അര്‍ഥം. സ്തൂലതലത്തില്‍ ഉയര്‍ന്നു നില്‍ക്കുന്നത്. ഗിരിമ ഉള്ളത് എന്നൊക്കെ. 


രണ്ടിനും അതിന്റേതായ ശക്തി ഉണ്ട്. പ്രതിമയുടെ ശക്തി ചിത്രത്തിന് ഉണ്ടാവില്ല. എന്നാല്‍ നിര്‍മിക്കാന്‍ എളുപ്പം ചിത്രം ആണ് താനും. ശ്രീചക്രം ലോഹ തകിടില്‍ വരയ്ക്കാന്‍ തന്നെ വളരെ പ്രയാസം ആണ്. പഞ്ച ലോഹത്തിലും മറ്റും മേരു ആയിട്ട് വാര്‍ക്കുംപോഴും ചെറിയ പാകപ്പിഴകള്‍ വന്നു കൂടുക വളരെ സ്വാഭാവികം ആണ്. ഇത് ഫലസിദ്ധിയെ ബാധിക്കുന്നു. തന്നെയല്ല അതിനു നിര്‍മാണ ചെലവു വളരെ അധികമാണ് താനും. അതിനാല്‍ ഉപാസകര്‍ പലരും ദ്വിമാനരൂപം കൊണ്ട് തൃപ്തിപ്പെടുന്നു.
  • ഞാനും ഒരു രൂപനിര്‍മാണത്തിന്റെ വഴിയിലാണ് കുറെകാലം ആയിട്ട്. ഞാന്‍ മനസ്സില്‍കാണുന്ന രൂപം ഒരു ക്ഷേത്രത്തിന്റെതാണ്. അതിനു ചില സവിശേഷതകള്‍ ഉണ്ട്. അക്ഷരങ്ങള്‍ കൊണ്ടുള്ള ക്ഷേത്രം ആണ് അത്. 

  • ഓടില്‍ വാര്‍ക്കാന്‍ ആദ്യം ഉദ്ദേശിച്ചു. ആ ശ്രമം പാതിക്കുവച്ച് വഴി തിരിഞ്ഞു. ഫൈബര്‍ ആയി പിന്നത്തെ നിര്‍മാണ വസ്തു. അതും തഥൈവ. കൃത്യമായ ഒരു മാതൃക കാണിക്കാതെ മൂശാരി എങ്ങനെ കൃത്യമായി ഉണ്ടാക്കും?

    ഒടുവില്‍ തെര്‍മോകോളില്‍ ഞാന്‍തന്നെ ഒരു മാതൃക തട്ടിക്കൂട്ടി. തല്‍ക്കാലം അത് മതി എന്ന് വച്ചു. ഒരു ആറുമാസക്കാലം കഴിഞ്ഞാല്‍ ഒന്ന് കൂടി remake ചെയ്യണം എന്നുണ്ട്. സമയം കിട്ടിയാല്‍...


    വാസ്തുശാസ്ത്രത്തിന്റെ അടിസ്ഥാനപരം ആയ ഒരു  മാനദണ്ഡം കൂടി ആണ് ശ്രീചക്രം. Reference 
    http://www.vastudesign.com/Articles-about-Vastu/meru-chakra-the-most-important-corrective-tool-of-vastu.html
    shared by Hari Panavoor  


    സ്ഫടികത്തില്‍ (quartz crystal) ഉള്ള ശ്രീചക്രങ്ങള്‍ വിവിധ വലിപ്പങ്ങളില്‍ ഉള്ളവ വില്പന നടത്തുന്ന ഒരു സ്ഥാപനത്തെ കുറിച്ച് ഒരു വിവരം കാണുന്നു. 
    https://store.karunamayi.org/product.php?productid=16153


Saturday, 6 October 2012

ശ്രീചക്രം


ഇത് ശ്രീചക്രം. 
ധനികം ആയ ഊര്‍ജ്ജത്തിന്റെ ഉത്പാദന യന്ത്രം. The positive power generator.  ഓരോ രൂപത്തിനും അതിന്റേതായ ശക്തി ഉണ്ട്. ആകര്‍ഷണ ശക്തി അതികം ഉള്ള രൂപങ്ങളെ  നാം ഇഷ്ടപ്പെടുന്നു ആരാധനാ ഭാവത്തോടെ.  

വളരെ സങ്കീര്‍ണം ആയ ജ്യാമിതി ആണ് ശ്രീചക്രത്തിന്റെത്.  ഇതിലെ ഷോഡശദളപദ്മവും അഷ്ട ദളപദ്മവും കലാരൂപങ്ങള്‍ ആകയാല്‍ അവയെ അനായാസേന ആസ്വദിക്കാന്‍ ആവും. എന്നാല്‍ അതിനുള്ളില്‍ സ്ഥിതി ചെയ്യുന്ന ത്രികോണ നിരകള്‍ ആരെയും ഒന്ന് കുഴക്കും. ഏതു മനസ്സിനെയും അവിടെപിടിച്ചു നിര്‍ത്തും. അതിന്റെ engineering വളരെ sharp ആണ്. മൂന്നു ത്രികോണം വരുമ്പോള്‍ ഒന്‍പതു ത്രികോണ മുനകള്‍. ഒന്‍പതു ആണ് പൂര്‍ണം ആയ ഒറ്റസംഖ്യ. 

ഇവയില്‍ നിന്നും പുറപ്പെടുന്ന flex രേഖകള്‍ നമ്മുടെ നേത്രങ്ങള്‍ക്ക് അദൃശ്യം എങ്കിലും നഭോമണ്ഡല ത്തില്‍ വരുത്തുന്ന മാറ്റം അത് സ്ഥിതി ചെയ്യുന്ന ഗൃഹത്തില്‍ ഒരു cosmic order സൃഷ്ടിക്കുന്നു. അത് പൂജകന്റെ അഥവാ സാധകന്റെ മനസ്സിലും പുനര്‍ജനിച്ചു സ്ഥായീ ഭാവം ആയിത്തീരുന്നു.  നൂറു ശതമാനവും ശാസ്ത്രീയം ആയ ഒരു ആരാധനാ സാങ്കേതികം ആണ് ശ്രീചക്രം. 

മറ്റു ദേവതകളുടെ പോലെ മാനുഷികം ആയ ആകാരമോ ദയാദാക്ഷണ്യങ്ങളോട് കൂടിയ മൂര്‍ത്തീഭാവമോ ഇല്ലാത്തതിനാല്‍ ആവാം ശ്രീചക്ര ഉപാസന ബ്രാഹ്മണരില്‍ അത്ര വ്യാപകം ആയിട്ടില്ലാത്തത്  എന്ന് തോന്നുന്നു. ഇതിനു ഉപദേശം സിദ്ധിച്ചവര്‍ എണ്ണത്തില്‍ വളരെ കുറവാണ്. അംഗുലീ പരിമിതം. താന്ത്രികം ആയ പൂജാവിധിയും ഇതിനു പ്രത്യേകം ആയിട്ടുണ്ട്‌. 

മഹാലക്ഷ്മി അഥവാ ധനത്തിന്റെ ദേവതയെ ആണല്ലോ ശ്രീ ശബ്ദംകൊണ്ട് വിവക്ഷിക്കുന്നത്. ധനമോഹികള്‍ ആയി ശ്രീചക്ര ഉപാസന നടത്താന്‍ ഇടയായ ചിലര്‍ ധനികരായത്തോടെ ഉപാസനാ ഭാവങ്ങളില്‍ നിന്നും വ്യതിചലിച്ചു ഉള്ള ജീവിതം നയിക്കാന്‍ ഇട വരികയും അതെ തുടര്‍ന്ന് ഗൃഹത്തില്‍ ഭിന്നതകളും കലഹവും ഉണ്ടാവുകയും ഒടുവില്‍ ശ്രീചക്രത്തെ തൊട്ടടുത്ത ക്ഷേത്രത്തില്‍ ഏല്പിക്കുകയും ചെയ്ത ഒരു ദൃഷ്ടാന്തം അറിയാം. പൌര്‍ണമി നാളില്‍ ആണ് ശ്രീചക്രപൂജ പൂര്‍ണമായ ഫലത്തെ ചെയ്യുക.ദൈവികചിന്തയെ ശാസ്ത്രീയം ആക്കുന്നതിനു ഇത്രയും advanced ആയ ഒരു പൂജാവിധി വേറെ ഉണ്ടോ? ശ്രീചക്രത്തില്‍നിന്നും പ്രസരിക്കുന്ന ആ ഈശ്വരചൈതന്യം നമ്മുടെ മനസ്സിനെ പവിത്രീകരിക്കട്ടെ. 



Thursday, 4 October 2012

അല്പം ആത്മവിചാരം

ഭക്തി എന്ന ഭാവം മനസ്സില്‍ ജനിപ്പിക്കാന്‍ ഈ ചിത്രത്തിന് കഴിയുന്നു. എന്നാല്‍ ചിത്രത്തിന് കഴിയുന്ന പോലെ വാക്കുകള്‍ക്കു കഴിയുമോ?  കഴിയുന്ന വാക്കുകള്‍ കണ്ടെത്തി മാലകള്‍ ആയി കവിത ആയി ശ്ലോകങ്ങള്‍ ആയി ഈശ്വരാര്‍പ്പണം ചെയ്തിരുന്ന ധാരാളം കവികള്‍ കേരളത്തില്‍ ഉണ്ടായിരുന്നിട്ടുണ്ട്. ഓട്ടൂര്‍ ഉണ്ണി നമ്പൂതിരിപ്പാട്‌ സംസ്കൃത കവി ആയിരുന്നു. എന്റെ സുഹൃത്ത് ആയ എന്‍. ഇ. ജി. നമ്പൂതിരി വാകത്താനം നന്നായി ഭക്തികവിതകള്‍ എഴുതും. എന്നാല്‍ അവയ്ക്ക് ഒക്കെ പഴയ സ്വീകാര്യത നല്‍കേണ്ടതില്ല, അഥവാ നല്‍കുന്നത് ശരിയല്ല എന്ന പക്ഷക്കാര്‍ ആണെന്ന് തോന്നുന്നു ഇന്ന് ഭൂരിഭാഗവും. 

ഗുരുവില്‍ നിന്ന് അറിവ് സ്വീകരിക്കുന്നത് തന്നെ അസഹിഷ്ണുത കടിച്ചമര്‍ത്തിക്കൊണ്ടാണ്.  "ഹോ അമ്പടാ അവന്റെ ഒരു മുടിഞ്ഞ വിവരം." എന്ന് കമന്റ് പറയുന്ന ശിഷ്യന്‍ ആവും ശിഷ്യന്മാരുടെ നേതാവ്.  എന്തായാലും ഭക്തി ഭാവങ്ങളുടെ ഭാഷ്യം രചിക്കാന്‍ ഒന്നും ഇന്ന് ആര്‍ക്കും നേരമില്ല. പടം കാണുന്നത് ഒരു ദൃശ്യാനുഭവം ആണ്. അതുപോലെ ക്ഷേത്ര ദര്‍ശനവും പഞ്ചേന്ദ്രിയങ്ങളെയും മനസ്സിനെയും ബുദ്ധിയേയും ഉണര്‍ത്തുന്നു.

ചിത്രംപോലെ അല്ല ത്രിമാനശില്‍പം. പ്രതിമയുടെ സംവേദനശേഷി വളരെ അധികമാണ്. ഒരു കാലഘട്ടത്തിന്റെ മുഴുവന്‍ കഥ ആണ് നന്നായി ചെയ്യപ്പെട്ട പ്രതിമകള്‍ പറയുക. ഞാനൊരു ചിത്ര രചയിതാവോ ശില്പിയോ അല്ല എങ്കിലും എന്റെ മനസ്സിലും ഒരു ചിത്രം ഉണ്ട്. അതിനെ ശില്‍പം ആയും മനസ്സില്‍ കാണാന്‍ കഴിയുന്നു. മറ്റുള്ളവര്‍ക്കും കാണാനും കണ്ടു ആസ്വദിക്കാനും കഴിയുമാറു  അതിനെ ആവിഷ്കരിക്കാന്‍ അതിയായ ആഗ്രഹം ഉണ്ടെങ്കിലും അതിനു വളരെ അധികം സമയവും ധനവും പരിശ്രമവും ചെലവഴിക്കുന്നുണ്ട് എന്ന് വരികിലും ആ രൂപത്തിന്റെ സാക്ഷാല്‍കാരത്തിലെക്കുള്ള യാത്ര   പന്ത്രണ്ടു വര്‍ഷം ആയിട്ടും പകുതി ദൂരം പോലും ആയിട്ടില്ല. ജീവിതയാത്രക്ക് സമാന്തരം ആയി അതും അനിശ്ചിതം ആയി നീളുന്നു. അതിനു അര്‍ഹിക്കുന്ന പ്രാധാന്യം നല്‍കണം എന്ന് വിചാരിക്കുമ്പോള്‍ ജീവിതം അപ്രധാനം ആയിപ്പോകുന്നു. അതിനാല്‍ തന്നെ ഒരു ആത്മവിചാരം ഒട്ടും രസകരം ആയിരിക്കില്ല. 
(ഇനി "ആത്മവിചാരം" ആയിക്കൂടെ എന്നൊരു സുഹൃത്ത് ചോദിച്ചിരുന്നു.)