എല്ലാര്‍ക്കും നവരാത്രി ആശംസകള്‍!
നാട്ടില്‍ ആകെ നവരാത്രി ആഘോഷങ്ങള്‍ നടക്കുന്നു. അറിവിന്റെ മണ്ഡലത്തില്‍ ഒരു പുത്തന്‍ ഉണര്‍വ്വ് അഥവാ നവോന്മേഷം തരുന്നതാണ് നവരാത്രി. പൂജവയ്പ് പ്രതീകാത്മകം ആയ ആത്മ സമര്‍പ്പണം ആണ്. പുസ്തകങ്ങളും ആയുധങ്ങളും നിരുപാധികം വച്ച് കീഴടങ്ങുകയാണ്. ഞാന്‍, എന്റേത് എന്നൊക്കെയുള്ള സ്വയം പ്രമാണി ബോധം അഥവാ ഭാവം ഇവിടെ പരമമായ ശക്തിയുടെ മുന്‍പാകെ സമര്‍പ്പിക്കപ്പെടുകയാണ്.
അങ്ങനെ നിരായുധന്‍ ആയി, ജോലിത്തിരക്ക് ഇല്ലാത്തവന്‍ ആയി എകാഗ്രമാക്കപ്പെട്ട മനസ്സോടെ ശക്ത്യുപാസന ചെയ്യാന്‍ ഭക്തരുടെ സമൂഹം എല്ലാം ഈശ്വര സന്നിധികളില്‍ ഒത്തുചേരുന്ന ഉത്സവക്കാലം കൂടിയാണ് നവരാത്രി. ബൌദ്ധികമായ ഒരു നവീകരണ പ്രക്രിയ സമൂഹതലത്തില്‍ സംഭവിക്കുന്നു. ഹൈന്ദവ ആചാരങ്ങള്‍ അധികവും വ്യക്തിനിഷ്ഠം self based ആണല്ലോ. നവരാത്രി സമൂഹനിഷ്ഠം ആണ്. സമൂഹാരാധനയുടെ കാലം ആണ്.
ദക്ഷിണ മൂകാംബി എന്നറിയപ്പെടുന്ന പനച്ചിക്കാട് സരസ്വതീക്ഷേത്രം ഇവിടെ അടുത്താണ്. എന്റെ അച്ഛന്‍ ആദ്യമായി മേല്‍ശാന്തി ആയിരുന്നത് അവിടെ ആയിരുന്നു. അവിടെ വിഷ്ണുക്ഷേത്രത്തിന്റെ കുളക്കരയില്‍ തുറസ്സായ സ്ഥലത്ത് ശ്രീകോവില്‍ പോലും ഇല്ലാതെ വള്ളിപ്പടര്‍പ്പുകള്‍ക്ക് നടുവില്‍ ആണ് ദേവിയുടെ മൂലബിംബം കുടികൊള്ളുന്നത്.
നവരാത്രികാലത്ത് ഇവിടെ ഏതാണ്ട് മുഴുവന്‍ സമയവും സംഗീതസാന്ദ്രം ആയിരിക്കും. കവിയരങ്ങ് പോലുള്ള സാഹിത്യ പ്രധാനം ആയ ചടങ്ങുകളും ഉണ്ടെങ്കിലും സംഗീതത്തിനു ആണ് കൂടുതല്‍ പ്രാധാന്യം കല്പിച്ചു കാണുന്നത്. ഇത് എന്തുകൊണ്ട് എന്നറിയില്ല. ഗായകരും നര്‍ത്തകരും മറ്റു കലാകാരന്മാരും വിദ്യാദേവതക്ക് ഉള്ള വഴിപാടു ആയിട്ടാണ് കലാപരിപാടികള്‍ സമര്‍പ്പിക്കുന്നത്.
No comments:
Post a Comment