Thursday 27 December 2012

വൈഷ്ണവത

യസ്യ സ്മരണ മാത്രേണ 
ജന്മ സംസാര ബന്ധനാദ് 
വിമുച്യതെ നമസ്തസ്മൈ 
വിഷ്ണവേ പ്രഭ വിഷ്ണവേ!


ഈശ്വരവിചാരം മനസ്സില്‍ നിലനിര്‍ത്തുന്നതിനു ഏറ്റവും ലളിതം ആയ മാര്‍ഗം ആണ് നാമജപം. വിഷ്ണുസഹസ്രനാമത്തിന്റെ ആണ് ബന്ധത്തില്‍ ഉള്ളതാണ് ഈ ശ്ലോകം.

മഹാവിഷ്ണുവും മറ്റു മൂര്‍ത്തികളും തമ്മിലുള്ള വ്യത്യാസം ഇതില്‍ നിന്ന് വ്യക്തമാണ്. മോക്ഷം ആഗ്രഹിക്കുന്നവര്‍ക്ക് ഉള്ളതാണ് വിഷ്ണു! ഐഹികമായ  സുഖഭോഗങ്ങള്‍ വേണ്ടവര്‍ ഇതര ദൈവങ്ങളെ ആശ്രയിക്കുന്നു. വൈഷ്ണവം ആയ ഭക്തി തികച്ചും നിഷ്കാമം ആണ്. പൂന്താനം,  ആഞ്ഞം, മള്ളിയൂര്‍ തുടങ്ങിയവര്‍ പരിശുദ്ധമായ വൈഷ്ണവതയുടെ പ്രചാരകര്‍ ആയിരുന്നു.

ഹിന്ദുക്കളില്‍ വൈഷ്ണവര്‍ വളരെ കുറവാണ്. സങ്കടം എന്തെന്നാല്‍ ഭൂരിഭാഗവും വിഷ്ണുവിരുദ്ധര്‍ ആണെന്നതത്രേ! സകലചരാചരങ്ങളുടെയും സംരക്ഷണ വിഭാഗം മേധാവി ആണ് വിഷ്ണു. ആ വിഷ്ണുവിനോടാണ് നമ്മുടെ ഭൂരിപക്ഷത്തിനു വിരോധം! പിന്നെ രക്ഷപെടാത്തതാണോ കുറ്റം!

വിഷ്ണുവിനെ വിഭാവനം ചെയ്യുമ്പോള്‍ വിഷയാസക്തി കുറയുന്നു എന്നതാവണം വിഷ്ണുവിരോധത്തിന്റെ കാരണം. ദുര്‍മോഹം ദുര്‍വിചാരം, ദുഷ്ടത തുടങ്ങിയവ മന്ത്രം ആയ നാരായണ ശബ്ദത്താല്‍തന്നെ  ദൂരീകരിക്കപ്പെടുന്നു.  വിഷ്ണുവിന്റെ പ്രീതി ലഭിക്കാന്‍ അത്ര എളുപ്പം അല്ല എന്നതും ഒരു കാരണം ആവാം. എന്നാലും അതിന്റെ പേരില്‍ എതിരാളി ആവാന്‍ പാടുണ്ടോ? എതിരിടുന്നവരോട് വിഷ്ണുവിന് വിരോധം ഇല്ല. മറ്റു വാക്കുകളില്‍ പറഞ്ഞാല്‍ എതിരാളികളോട് സന്ധി ചെയ്യുന്ന തന്ത്രം ആണ് വൈഷ്ണവത എന്ന് പറയാം. ബ്രാഹ്മണപരമ്പരകള്‍  അധികവും വൈഷ്ണവര്‍ ആണ്.  

വിഷ്ണുവിന്റെ സ്മരണ സംസാരബന്ധങ്ങളില്‍നിന്നും മനസ്സിനെ മുക്തമാക്കുന്നു. ഞാന്‍ എന്നും എന്റേത് എന്നും ഉള്ള  ആത്മഭാവന ഉണ്ടാക്കുന്നവയാണ് സംസാര ബന്ധങ്ങള്‍. അവ ഒരുവേള സുഖകരം ആവും. പിന്നീട് ദുഃഖത്തിന് വഴിതെളിക്കുകയും ചെയ്യും. എല്ലാ ലൌകിക സുഖങ്ങള്‍ക്കും തത്തുല്യമായ അളവിലോ അതിലധികമോ ആയി ദുഃഖങ്ങള്‍ പിന്നീട് വന്നു കൂടുമെന്നാണ് അനുഭവധനരായ ഗുരുക്കന്മാര്‍  പറയുന്നത്.  എന്നാല്‍ ഈശ്വര വിചാരത്തോടെ അനുഭവിക്കുന്നതായാല്‍ ദുഃഖിക്കേണ്ടിവരില്ല. 

No comments:

Post a Comment