Friday 9 November 2012

കൃത്രിമസൌഹൃദത്തിന്റെ അസ്വാരസ്യങ്ങള്‍!



അനുഗ്രഹദായിനി ആയ ദുര്‍ഗ്ഗാദേവിയുടെ സവിധത്തില്‍ ഒരു പരിചാരകന്‍ ആകവേ, ആ തൃപ്പാദസേവയില്‍ മുഴുകവേ അതുതന്നെ മോക്ഷം എന്ന് തോന്നി. ആ അനുഭൂതിയുടെ രസം ശരണാഗതരായ ഭക്തജനങ്ങളില്‍ ചിലര്‍ക്ക് എങ്കിലും തോന്നിയിട്ടുണ്ടാവും.  എല്ലാവര്‍ക്കും തോന്നുകയില്ല. എല്ലാവരും ഭജിക്കാനല്ലല്ലോ വരുന്നത്.   ഭരിക്കാന്‍ ആണ് പലരുടെയും വരവ്. ഭജിക്കാന്‍ എന്ന വ്യാജേന. 

കപടഭക്തന്മാരുടെ  നാട്യങ്ങളും പ്രകടനങ്ങളും കണ്ടിട്ടും കണ്ടില്ലെന്നു നടിച്ച്, അവരുടെ ഇഷ്ടത്തിന് അനുസരിച്ച് പൊട്ടന്‍ ആയി നാടകം കളിച്ചാലേ ശാന്തിക്കാരന്റെ റോള്‍ ശരിയാവൂ. പൊട്ടന്റെ റോള് സ്ഥിരം അഭിനയിക്കാന്‍ പറ്റുമോ? അങ്ങനെ ആയിമാറില്ലേ? ഇപ്പോള്‍ ശാന്തിക്കാര്‍ക്ക് പറ്റിയിരിക്കുന്നതും അത് തന്നെയല്ലേ?  വ്യാജഭക്തന്മാരെയും ഭക്തകളെയും താലോലിച്ചല്ലേ അവര്‍ കഴിഞ്ഞുകൂടുന്നത്? പണത്തിനുവേണ്ടി നില വിടുന്നു എന്ന ആക്ഷേപം മാത്രം അവശേഷിക്കും. പണം  ഠപ്  എന്ന് വെടി തീരും. 

പല പ്രതിഷേധസ്വരങ്ങളും പുറപ്പെടുവിച്ചു ശീലിക്കുന്ന ഒരുവന്‍ ആയി മാറുകയാല്‍ ഏതെങ്കിലും ഒരു ക്ഷേത്രത്തില്‍ ശാന്തിക്കാരന്‍ എന്ന നിലയില്‍ എനിക്ക് എത്ര ദിവസം പിടിച്ചു നില്‍ക്കാന്‍ സാധിക്കും എന്നത് എനിക്ക് തന്നെ ഉറപ്പില്ല. ഈ കാര്യം വിളിച്ചതനുസരിച്ചു  ചെന്ന ഉടന്‍ തന്നെ അധികൃതരോട് പറയുകയും ചെയ്തു. "ഇവിടെ ഒരു പ്രശ്നവും ഉണ്ടാവില്ല" എന്ന് അവര്‍ പറഞ്ഞു. അത് ശരിയെന്നു അനുഭവത്തിലൂടെയും തെളിഞ്ഞു. കാരണം ആരെങ്കിലും വന്നെങ്കില്‍ അല്ലെ എന്തെങ്കിലും പ്രശ്നം ഉണ്ടാകൂ ! ആരും വരാത്ത ക്ഷേത്രം ആകയാല്‍ ഉപാസന ഇഷ്ടപ്പെടുന്ന ശാന്തിക്കാര്‍ക്ക് ഏറ്റവും അനുയോജ്യം ആണെന്ന് പറയാം. അതിനാല്‍ ഞാന്‍ അവിടെ തുടരാന്‍ ആഗ്രഹിച്ചു.

ഒരാഴ്ച കഴിഞ്ഞപ്പോള്‍ അത്യാവശ്യത്തിനായി അവധി എടുക്കേണ്ടിവന്നു. കുറച്ചു ദൂരെ ഒരു വിവാഹത്തിന് പോകാന്‍. പക്ഷെ അവധി എടുത്തപ്പോള്‍ ആണ് തലയ്ക്കു വെളിവ് ഉണ്ടായത്. ക്ഷേത്രത്തില്‍ പതിയിരിക്കുന്ന അപകടം കണ്ടു പിടിച്ചത്. അത് എന്തെന്ന് പറഞ്ഞാല്‍ എല്ലാവര്‍ക്കും  മനസ്സിലാവണം എന്നില്ല. പക്ഷെ പലര്‍ക്കും പറയാതെ തന്നെ മനസ്സിലായിട്ടും ഉണ്ടാവും.


കാര്യസാധ്യത്തിനുവേണ്ടിയുള്ള കൃത്രിമം ആയ സ്നേഹവും സൌഹൃദവും harassment അല്ലെ? എന്താ അതിന്റെ മലയാളം? വല്ലാത്ത അസഹ്യത ചിലരുടെ സൗഹൃദം അനുഭവിക്കുന്നതില്‍, ചിലരുടെ അന്വേഷണങ്ങള്‍ സഹിക്കുന്നതില്‍. സത്യം മറച്ചുകൊണ്ടുള്ള സൌഹൃദസംഭാഷണങ്ങളില്‍ ഇടയ്ക്കിടെ തനിനിറം പുറത്തു വരുന്നത് അവര്‍ അറിയുന്നില്ല.  എന്ത് കള്ളം പറഞ്ഞിട്ടായാലും വേണ്ടില്ല, എന്ത് പ്രലോഭനം കൊടുത്തിട്ടായാലും വേണ്ടില്ല, ഏതെങ്കിലും വിധേന അനുനയിപ്പിച്ചു അവിടെ പിടിച്ചു നിര്‍ത്തുക എന്നതാണ് ഭരണക്കാരുടെ തന്ത്രം. അതിനുവേണ്ടി അവര്‍ എന്റെ ഏതു അധികപ്രസംഗവും കേള്‍ക്കും. തമാശ പറഞ്ഞില്ലെങ്കിലും ചിരിക്കും. 

അങ്ങനെ ഒരു സാഹചര്യത്തെ ഉപയോഗിച്ച് ക്ഷേത്രസാഹിത്യം അവിടെ അടിച്ചു ഏല്പിക്കെണ്ടാതുണ്ടോ? ക്ഷേത്രശാന്തിയെക്കാള്‍ മഹത്ത്വം ഉള്ളത് ക്ഷേത്രസാഹിത്യത്തിന്റെ രചനയും അവതരണവും അല്ലെ? അതിനു കുറച്ചുകൂടി ഇണക്കമുള്ള  ആയ വേദി അല്ലെ ഉണ്ടാവേണ്ടത്? അത് ഉണ്ടാവട്ടെ എന്ന് പ്രാര്‍ഥിക്കുന്നു. 

No comments:

Post a Comment