സക്തി കൂടാതെ നാമങ്ങളെപ്പൊഴുംഭക്തി പൂണ്ടു ജപിക്കണം നമ്മുടെസിദ്ധികാലം കഴിവോളമീവണ്ണംശ്രദ്ധയോടെ വസിക്കേണമേവരും.
ജ്ഞാനപ്പാനയിലേ വരികളാണിവ. സക്തി എന്നു വെച്ചാല് ആസക്തി. വിഷയാസക്തി. ലൌകികസുഖഭോഗങ്ങളിലുള്ള തൃഷ്ണ. അത് പാടില്ല എന്നാണ് നമ്മുടെ പൂര്വികര് പഠിപ്പിച്ച പാഠം.
എന്നാലിന്ന് പഠിപ്പിക്കുന്നത് എങ്ങനെ ആസക്തി വര്ധിപ്പിക്കാം എന്നല്ലേ. ഭക്തി എന്നു പറയുന്ന ഭാവം ഏറ്റവുമധികം പോസിറ്റീവ് എനര്ജി പ്രദാനം ചെയ്യുന്നതാണ്. ഈശ്വരനോടുള്ള സ്നേഹമാണല്ലൊ അത്.
ശുദ്ധമായ ഭക്തി സമൂഹത്തില് ഒരു കുറഞ്ഞ അളവിലെ പ്രസരിക്കുന്നതായി കാണുന്നുള്ളൂ. അസുരന്മാരുടെ ഭക്തി വിദ്വേഷം കലര്ന്നതാണ്. രാഗദ്വേഷങ്ങള് കലര്ന്നതാണ്. അതിന് കൂടുതല് പ്രചാരവും സിദ്ധിക്കുന്നു.
പക്ഷെ അത് നശ്വരമാണ്. രാവണനെഴുതിയ ഗംഭീരമായ ശിവകീര്ത്തനങ്ങളില് ഭക്തിയുടെ തീവ്രഭാവം കാണാം. പക്ഷെ അവയെ മാറ്റിവെച്ച് ശങ്കരാചാര്യവിരചിതമായ കീര്ത്തനങ്ങള് ലോകം പിന്തുടരുന്നു. ആ അസുരന്റെ കാലം കഴിഞ്ഞതോടെ അദ്ദേഹത്തിന്റെ കൃതികളും നിര്ജീവമായി.